ബെംഗളൂരുവിലെ വീട് തകർക്കൽ സംഭവത്തിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ പുനരധിവാസ വാഗ്ദാനം പാലിച്ചില്ലെന്ന് എ എ റഹീം എംപി ആരോപിച്ചു. ഒരു മാസം കഴിഞ്ഞിട്ടും ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും ജനങ്ങൾക്ക് ഭക്ഷണവും അഭയവും നൽകിയിട്ടില്ലെന്നും റഹീം
തിരുവനന്തപുരം: ബെംഗളൂരു കൊഗിലു ലേഔട്ടിൽ അനധികൃത കൈയേറ്റമെന്നാരോപിച്ച് വീടുകൾ തകർത്ത സംഭവത്തിൽ വീണ്ടും പ്രതികരണവുമായി എ എ റഹീം എംപി. കർണാടകയിലെ കോൺഗ്രസ് സർക്കാർ നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി അവശേഷിക്കുകയാണെന്നും കോൺഗ്രസ് ഈ നാടിനെയും നിസ്സഹായരായ ആ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു. ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തകർക്കപ്പെട്ട ആ കല്ലിൻ കൂനകൾക്കിടയിൽ, കീറിപ്പറിഞ്ഞ ചെറിയ ടർപ്പോളിൻ കഷണങ്ങൾ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കൾക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നൽകാൻ ഈ നിമിഷം വരെ കർണാടക സർക്കാർ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്. ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു.
പിന്നാലെ ഡിവൈഎഫ്ഐ പ്രതിനിധി സംഘം ഫക്കീർ കോളനി സന്ദർശിച്ചു. ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകൾ പുറത്തുവന്നതോടെ കെ സി വേണുഗോപാലും, ഡി കെ ശിവകുമാറും, കർണാടക മുഖ്യമന്ത്രിയും പ്രതികരിക്കാൻ നിർബന്ധിതരായി. ഉടൻ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവർ പരസ്യമായി പറഞ്ഞു.
എന്നിട്ടെന്തായെന്ന് റഹീം ചോദിച്ചു. കോൺഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങൾക്ക് ഭക്ഷണവും മരുന്നും പോലും നൽകാത്തതിന്‍റെ കാരണം വ്യക്തമാക്കണം. കൊടും തണുപ്പിൽ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? പ്രഖ്യാപിച്ച ഫ്ലാറ്റുകൾ ഒരു മാസമായിട്ടും നൽകാത്തത് എന്ത് കൊണ്ടാണ്? മനുഷ്യത്വമില്ലാത്ത കോൺഗ്രസ് ഭരണകൂടത്തിന്‍റെ ഈ ക്രൂരത കാണാതെ പോകരുതെന്നും അദ്ദേഹം പേസ്ബുക്കിൽ കുറിച്ചു.


