കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തോട് അനാദരവ്

By Web DeskFirst Published Feb 23, 2017, 4:31 AM IST
Highlights

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തോട് അനാദരവ്. ട്രെയിന്‍ തട്ടി മരിച്ച അജ്ഞാതന്‍റെ മൃതദേഹം 7 മണിക്കൂറാണ് മോര്‍ച്ചറിയിലേക്ക് മാറ്റാതെ പുറത്ത് ആംബുലന്‍സില്‍ കിടത്തിയത്. ഇതെക്കുറിച്ച് ചോദിച്ച പൊലീസുകാരനെ ആര്‍എംഒ ചീത്തപറയുകയും ഓഫീസില്‍നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തു.
 
ചങ്ങനാശ്ശേരിയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹവുമായി ഉച്ചക്ക് 12 മണിക്കാണ് പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അജ്ഞാത മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഫ്രീസര്‍ ഒഴിവില്ലെന്നായിരുന്നു RMO പറഞ്ഞത്. ഇതെക്കുറിച്ച് ചോദിച്ച ചങ്ങനാശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആര്‍എംഒ രഞ്ജിന്‍ ആട്ടിപ്പുറത്താക്കി.

മെഡിക്കല്‍ കോളേജില്‍ ആകെയുള്ളത് 12 ഫ്രീസറുകള്‍. ഇതില്‍ ആറെണ്ണം കഴിഞ്ഞ മൂന്ന് മാസമായി തകരാറിലാണ്. ബാക്കിയുള്ള ആറിലും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. സംഭവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതരുടെ ഇടപെടലുണ്ടായി.
3 മാസമായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു അജ്ഞാത മൃതദേഹം മാറ്റി അവിടെ ചങ്ങനാശ്ശേരിയില്‍നിന്നുള്ള മൃതദേഹം വെക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. 12 മണിക്ക് മെഡിക്കല്‍ കോളേജില്‍ എത്തിച്ച മൃതദേഹം ഒടുവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയത് രാത്രി ഏഴ് മണിക്ക്. മൃതദേഹത്തോട് കാണിച്ച കടുത്ത അനാദരവ്. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ ഒന്നുമാത്രമായിരുന്നു ഇതിന് കാരണം.

click me!