
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പ്രതികരണവുമായി ഡോക്ടർമാർ. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ചികിത്സയും നൽകിയെന്നുമാണ് ഡോക്ടർമാരുടെ അവകാശ വാദം. തിരു. മെഡി. കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് സംസാരിച്ചത്. വേണുവിന് ചികിത്സ നൽകിയതിൽ വീഴ്ചയില്ലെന്നും വേദന തുടങ്ങി 24 മണിക്കൂർ ശേഷമാണ് എത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഹൃദയാഘാതം എന്ന് സ്ഥിരീകരിച്ചു. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സ നൽകിയെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അനാസ്ഥ കാരണം ഹൃദ്രാരോഗി മരിച്ചെന്ന പരാതിയിൽ നീതി തേടി കൊല്ലം പൻമന സ്വദേശി വേണുവിൻ്റെ കുടുംബം. മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
ബുധനാഴ്ചയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരൻ വേണു മരിച്ചത്. അടിയന്തര ആൻജിയോഗ്രാം നടത്തേണ്ട വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. അതേസമയം വീഴ്ച സംഭവിച്ചിട്ടില്ലെന്നും ചികിത്സ ഉറപ്പാക്കിയെന്നുമായിരുന്നു മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam