
പത്തനംതിട്ട: മന്ത്രി കെ ബി ഗണേഷ്കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച കോൺഗ്രസ് നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിസിസി. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്ദുൾ അസീസിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തലച്ചിറ വാർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അബ്ദുൾ അസീസിനെ നീക്കിയിട്ടുണ്ട്. അബ്ദുൾ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് കോൺഗ്രസ് ചക്കുവരക്കൽ മണ്ഡലം കമ്മിറ്റി. അബ്ദുൾ അസീസ് പാർട്ടി വിരുദ്ധ നടപടി ആവർത്തിക്കുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിന്‍റിന്‍റെ ആഹ്വാനം. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയില്‍ വെച്ചാണ് കൊല്ലം വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ അസീസ് വോട്ട് അഭ്യർത്ഥന നടത്തിയത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമന്നും ആയിരുന്നു അബ്ദുള്‍ അസീസിന്റെ മറ്റൊരു പരാമർശം.
പത്തനാപുരം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട വെട്ടിക്കവ ഗ്രാമപഞ്ചായത്തിലെ റോഡ് ഉദ്ഘാടന ചടങ്ങായിരുന്നു വേദി. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറായിരുന്നു ഉദ്ഘാടകന്‍. ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്‍റുമായ അബ്ദുള്‍ അസീസിന്‍റെ ഊഴമെത്തിയപ്പോഴാണ് മന്ത്രിയെ വാനോളം പുകഴ്ത്തി പ്രസംഗം
തുടങ്ങിയത്. ഒടുവില്‍ വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരില്‍ അമ്പരപ്പ് ഉണ്ടാക്കി പ്രസിഡന്‍റിനെ വോട്ട് അഭ്യര്‍ത്ഥന. ഗണേഷ് കുമാറിനെ വീണ്ടും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കണം. ഗണേഷ് കുമാറിനെ കായ് ഫലമുള്ള മരമെന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ചില മച്ചി മരങ്ങള്‍ വോട്ട് അഭ്യര്‍ത്ഥിച്ച് വരുമെന്നും തുറന്നടിച്ചു.
ആരാണ് മച്ചി മരമെന്ന് വ്യക്തമാക്കിയില്ലെങ്കിലും പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ് ആയതിനാല്‍ വിരല്‍ ചൂണ്ടുന്നത് അവിടേക്ക് തന്നെയെന്നാണ് ജനങ്ങള്‍ക്കിടയിലെ അടക്കം പറച്ചില്‍. എന്തായാലും തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയ പ്രസംഗം നാട്ടിലാകെ ചര്‍ച്ചയായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam