കൊച്ചിയിൽ ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സസ്പെന്‍ഡ് ചെയ്തെങ്കിലും കേസെടുക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കൊച്ചി: കൊച്ചിയിൽ ഗർഭിണിയെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ എസ് എച്ച് ഒ പ്രതാപചന്ദ്രനെതിരെ സസ്പെൻഷൻ നടപടി പൊലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രതാപനെതിരെ കേസെടുക്കുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മർദ്ദനമേറ്റ ഷൈമോളും ഭർത്താവ് ബെൻജോയും മജിസ്ട്രേറ്റ് തല അന്വേഷണത്തിന് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജി അടുത്തമാസം 17 ന് എറണാകുളം സിജിഎം കോടതി പരിഗണിക്കും.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെ കഴിഞ്ഞ ദിവസമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്. 2024ൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയിരുന്നു. തുടര്‍ന്നാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടിയുണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള അടിയന്തര നടപടിയെടുത്തത്.

പ്രതാപചന്ദ്രന്‍ ഗര്‍ഭിണിയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ജൂണില്‍ നടന്ന സംഭത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. 2024 ജൂണ്‍ 20ന് രാത്രി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ പ്രതാപചന്ദ്രൻ ഷൈമോളെ മര്‍ദിക്കുന്നത് വ്യക്തമാണ്.എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ ആദ്യം ഷൈമോളെ നെഞ്ചത്ത് പിടിച്ച് തള്ളുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. എന്നാൽ, ഷൈമോള്‍ കുഞ്ഞുങ്ങളുമായി വന്ന് സ്റ്റേഷനുമുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും കുഞ്ഞുങ്ങളെ വലിച്ചെറിയാന്‍ നോക്കിയെന്നും അപ്പോഴാണ് പ്രതികരിച്ചതെന്നുമാണ് പ്രതാപചന്ദ്രൻ പറയുന്നത്.

ഗര്‍ഭിണിയെ മുഖത്തടിച്ചതിന് സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ പൊലീസ് സേനയിലെ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് ആരോപണം. എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ ഉച്ചവിശ്രമത്തിനി‍ടെ പ്രതാപചന്ദ്രന്‍ മുഖത്തടിച്ചെന്നും കള്ളക്കേസെടുത്തെന്നുമുള്ള സ്വിഗി ജീവനക്കാരന്‍റെ പരാതിയില്‍ ഇന്നും അന്വേഷണം തുടരുകയാണ്. പൊലീസ് സ്റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ നിയമവിദ്യാര്‍ഥിനിയും രംഗത്തുവന്നു. പ്രതാപചന്ദ്രന്‍ 2023ല്‍ മര്‍ദ്ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ചെന്നുമായിരുന്നു പാലക്കാട് സ്വദേശിയുടെ ആരോപണം.

YouTube video player