നഴ്സുമാരെ കൊല്ലുമെന്ന് ഭീഷണി; കെപിസിസി ജനറൽ സെക്രട്ടറിക്കെതിരെ പൊലീസില്‍ പരാതി

By Web DeskFirst Published Mar 1, 2018, 11:40 AM IST
Highlights
  • കെപിസിസി ജനറൽ സെക്രട്ടറി എം.പി ജാക്സനെതിരെ പരാതി
  • ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്‍റാണ് ജാക്സന്‍

തൃശൂർ: നഴ്സുമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്‍റുമായ എം.പി ജാക്സണെതിരെ പൊലീസിൽ പരാതി. യുഎൻഎ തൃശൂർ ജില്ലാ സെക്രട്ടറി സുധീപ് ദിലീപ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം നിതിൻമോൻ സണ്ണി  എന്നിവർക്ക് നേരെയാണ് ജാക്സൺ വധഭീഷണി മുഴക്കിയത്. ആശുപത്രിയിലെ സ്റ്റാഫ് നഴ്സും യുഎൻഎ യൂണിറ്റ് സെക്രട്ടറിയുമായ സജ്ന രതീഷിനെ പുറത്താക്കിയിരുന്നു.

രാത്രി പരിക്കുകളോടെ ആശുപത്രിയിലെത്തിയ ആളെ ഡ്യൂട്ടി ഡോക്ടറുടെ അനുമതിയില്ലാതെ അഡ്മിറ്റ് ചെയ്തെന്നാരോപിച്ചാണ് സജ്നയെ പുറത്താക്കിയത്. ഇതേ കുറിച്ച് മാനേജ്മെന്‍റുമായി സംസാരിക്കുവാനെത്തിയതായിരുന്നു ജില്ലാ നേതാക്കൾ. ചർച്ചക്കിടെ തർക്കമാവുകയും സുധീപിനെ വകവരുത്തുമെന്ന് പ്രസിഡന്‍റ് പറഞ്ഞതായും സമീപത്തുണ്ടായിരുന്ന നഴ്സുമാർ പറഞ്ഞപ. ഇതോടെ നഴ്സുമാരും ബഹളമായി. ഈസമയം നേതാക്കളെയടക്കം മുറിയിൽ പൂട്ടിയിടാനും ശ്രമമുണ്ടായെന്നും നഴ്സുമാർ ആരോരിച്ചു. 

അതേസമയം, ആശുപത്രിയുടെ നടത്തിപ്പിനെ ബാധിക്കും വിധം നിരുത്തരവാദ പ്രവർത്തി ചെയ്തതിനാണ് നഴ്സായ സജ്നക്കെതിരെ നടപടിയെടുത്തതെന്നും അതിൽ നിയമവിരുദ്ധമായ ഒന്നും തന്നെയില്ലെന്നും മാനേജ്മെന്‍റ്  വ്യക്തമാക്കി. ആശുപത്രിക്കുള്ളിലെ വിഷയം തീർക്കാനെന്ന പേരിൽ വരുന്നവർ മനപ്പൂർവം വിഷയമുണ്ടാക്കുകയാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ സജ്നയെ പുറത്താക്കിയത് മുൻകൂട്ടിയെടുത്ത തീരുമാനപ്രകാരമാണെന്നും നടപടിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്നും യുഎൻഎ നേതാക്കളും പറഞ്ഞു. 

സംഭവദിവസം രാത്രി ഡ്യൂട്ടി നിശ്ചയിച്ചിരുന്ന ഡോ.തിലകൻ ഫോണിലൂടെ നിർദ്ദേശിച്ചതനുസരിച്ചാണ് പരിക്കേറ്റ രോഗിയെ അഡ്മിറ്റാക്കിയത്. സജ്ന മാത്രമല്ല അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നതും. രോഗിയെ ആദ്യം ഒപിയിൽ പരിശോധിച്ച ജൂനിയർ ഡോക്ടർ പിറ്റേന്ന് ഒഎംഎഫ് സർജനെ കാണാൻ നിർദ്ദേശിച്ച് ഉറങ്ങാൻ പോയി. എന്നാൽ രോഗിയും കൂട്ടിനുവന്നവരും അഡ്മിഷൻ വേണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടി. ഇതോടെയാണ് ഇന്ന് നൈറ്റ് ഡ്യൂട്ടി  നിശ്ചയിക്കപ്പെട്ടിരുന്ന ഡോ.തിലകനെ സജ്ന വിളിക്കുന്നത്. 

രോഗിയെ അഡ്മിറ്റാക്കാമെന്നും മരുന്ന് ഒപിയിൽ കുറിച്ചത് മതിയെന്നും രാവിലെ ഒപിയിൽ സർജനെ കാണിക്കാനുള്ള നടപടി പിആർഒയുമായി കൺസൾട്ട് ചെയ്യാനും ഡോക്ടർ തിലകൻ സജ്നയോട് പറഞ്ഞു. ഇതനുസരിച്ച് പിആർഒയെ റിസപ്ഷനിൽ നിന്ന് വിളിച്ചെങ്കിലും സർജന്‍റെ ചാർജ് കാര്യം നാളെ നോക്കാമെന്ന മറുപടിയാണ് കിട്ടിയതോടെ രോഗിയെ റൂമിലേക്ക് മാറ്റുകയാണുണ്ടായത്. 

എന്നാൽ ഇതൊരു ആയുധമാക്കി സജ്നയിലൂടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ യുഎൻഎയെ തകർക്കാനാണ് മാനേജ്മെന്‍റ് ശ്രമിക്കുന്നതെന്ന് ജില്ലാ പ്രസിഡൻ്റ് ഡയ്ഫിൻ ഡേവിസും സെക്രട്ടറി സുധീപ് ദിലീപും പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടികൾക്ക് സംഘടന തീരുമാനമെടുക്കും. സജ്നയെ തിരിച്ചെടുത്തില്ലെങ്കിൽ മാർച്ച് അഞ്ചുവരെ കാത്തുനിൽക്കില്ലെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. എം പി ജാക്സൺ പ്രസിഡൻ്റായ കോൺഗ്രസ് ഭരണസമിതിയാണ് ആശുപത്രി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

click me!