ലിഗയുടെ മരണം; അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ്

web desk |  
Published : Apr 24, 2018, 09:34 PM ISTUpdated : Jun 08, 2018, 05:44 PM IST
ലിഗയുടെ മരണം; അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ്

Synopsis

വസ്തുത കണ്ടെത്തുന്നതിന് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും പോലീസ് അറിയിച്ചു.

തിരുവനന്തപുരം: വിദേശ വനിത ലിഗ സ്‌ക്രോമാന്റെ തിരോധാനം സംബന്ധിച്ച പരാതിയില്‍ കേരള പോലീസ് സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നതായി പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. മെഡിക്കല്‍, ലീഗല്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തില്‍ വസ്തുത കണ്ടെത്തുന്നതിന് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും പോലീസ് അറിയിച്ചു.

പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പത്രക്കുറിപ്പ് ഇങ്ങനെ: 

വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ശ്രീമതി ലിഗയെ മാര്‍ച്ച് 14 ന് രാവിലെ 7.30 നാണ് പോത്തന്‍കോട് ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ നിന്ന് കാണാതാകുന്നത്. 8.30 ന് അവര്‍ കോവളത്ത് ഗ്രോ ബീച്ചില്‍ ഒരു ഓട്ടോറിക്ഷയില്‍ എത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ബന്ധുക്കള്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം ഇതുസംബന്ധിച്ച് പരാതി അന്ന് വൈകീട്ട് കോവളം പോലീസ് സ്റ്റേഷനിലും പോത്തന്‍കോട് പോലീസ് സ്റ്റേഷനിലും നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ ആവശ്യമായ വയര്‍ലെസ് സന്ദേശവും ക്രൈം കാര്‍ഡ് അയക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തു. 

രണ്ട് എസ്‌ഐ മാര്‍ ഉള്‍പ്പെടെയുള്ള സംഘം കോവളം ബീച്ചും പരിസരവും രാത്രി മൂന്നുമണിവരെ ഇവരുടെ ഫോട്ടോ കാണിച്ച് പരിശോധിച്ചു. ഇരുപതോളം ഹോട്ടലുകളിലും അന്വേഷണം നടത്തി. ഇക്കാര്യത്തില്‍ കോവളം പോലീസും ടൂറിസം പോലീസും സഹായത്തിനുണ്ടായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 15 ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും റൂറല്‍ ഷാഡോ പോലീസ് ഇവര്‍ മുമ്പ്് താമസിച്ചിരുന്ന വര്‍ക്കലയിലെ റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അമൃതപുരിയിലും അന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് പോത്തന്‍കോഡ് പോലീസ് സ്റ്റേഷനിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടര്‍ന്നു. മാര്‍ച്ച് 19 ന് സിറ്റി പോലീസ് കമ്മീഷണര്‍ തിരച്ചിലിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണ സംഘത്തെ കൂടി നിയോഗിച്ചു. സാമൂഹിക മാധ്യമങ്ങളിലും  ഇതു സംബന്ധിച്ച പ്രചാരണം നല്‍കിയിരുന്നു. 

അന്വേഷണം തുടരവേ ശ്രീമതി ലിഗയുടെ കുടുംബാംഗങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയെ കാണുകയും സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദേശവനിതയുടെ മൃതദേഹം ലഭിച്ചതറിഞ്ഞ് പോലീസ് സംഘം ബന്ധുക്കളേയും കൂട്ടി അവിടെയും പരിശോധന നടത്തി. അത് ശ്രീമതി ലിഗയുടേതല്ലെന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 23 ന് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ഡിസിപി ജയദേവ് ഐ പി എസിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങള്‍ ഡിവൈഎസ്പി അനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായി മൂന്ന്                 ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘം രൂപീകരിക്കുകയും ശ്രീമതി ലിഗയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. 

അതോടൊപ്പം സംസ്ഥാന പോലീസിന്റെയും സര്‍ക്കാരിന്റേയും അഭ്യര്‍ത്ഥന അനുസരിച്ച് സ്‌കൂബാ ഡൈവിങ് ടീം ഉള്‍പ്പെടെ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കോവളം മുതല്‍ വിഴിഞ്ഞം വരെയുള്ള കടലിന്റെ അടിത്തട്ട് പരിശോധന നടത്തിയിരുന്നു. തിരോധാനം നടന്നതുമുതല്‍ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതുവരെ കോവളത്തെ 245 ഹോട്ടലുകള്‍ പരിശോധിക്കുകയും 375 പേരെ നേരില്‍ കണ്ട് ചോദിക്കുകയും 40 സിസിടിവി ക്ലിപ്പിങ്ങുകള്‍ 20 കോള്‍ ടീറ്റെയില്‍സ് റെക്കോര്‍ഡുകളും പരിശോധിക്കുകയും ചെയ്തിരുന്നു. ഡ്വാഗ് സ്‌ക്വാഡിന്റെ പരിശോധനയും നടത്തിയിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ക്കുപുറമേ രാമേശ്വരവും മംഗലാപുരവും ഗോവയും വേളാങ്കണ്ണിയുമുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. 

ഇക്കാര്യം സംബന്ധിച്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വന്നപ്പോള്‍ ബഹു. ഹൈക്കോടതിയിലും  ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചിരുന്നു. ശ്രീമതി ലിഗയുടെ കുടുംബാംഗങ്ങളും ഡിജിപിയ്ക്ക് പരാതി നല്‍കിയ ശേഷമുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് പറഞ്ഞിരുന്നത്.  ശ്രീമതി ലിഗയുടെ കുടുംബാംഗങ്ങളോട് ഏറ്റവും സഹാനുഭൂതിയോടെയാണ് പോലീസ് ഇടപെട്ടിട്ടുള്ളത്. വിക്ടിം ലെയ്‌സണ്‍ ഓഫീസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡിജിപി ൃയുടെ ടീമിലെ ഒരു ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. അവരെ അതിഥികളായി കണക്കാക്കി തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബില്‍ നാല് ദിവസം താമസിപ്പിക്കുകയും ചെയ്തു.

ശ്രീമതി ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതിന് ശേഷവും മരണകാരണം കണ്ടെത്തുന്നതില്‍ ഏറ്റവും ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയാണ്. ഇക്കാര്യത്തിനായി ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം കമ്മീഷണര്‍ പി പ്രകാശ് മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള വലിയൊരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച മെഡിക്കല്‍ ലീഗല്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തില്‍ വസ്തുത കണ്ടെത്തുന്നതിന് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും എല്ലാവരോടും കേരള പോലീസ് അഭ്യര്‍ത്ഥിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം; നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്
കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു