ശബരിമലയിലേക്കുള്ള നെയ്യ് ഇടപാടിൽ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ശബരിമലയിലേക്ക് മിൽമ നൽകിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്ന് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.
തിരുവനന്തപുരം ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചു വിറ്റ സംഭവത്തിൽ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ദേവസ്വം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. മിൽമ നൽകിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും. നേരത്തെ വിഷയത്തിൽ ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ ഇതിനോടകം വിജിലൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതിലാണ് ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിക്കുന്നത്. നെയ്യ് തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി കെ മുരളീധരൻ റിപ്പോർട്ട് തേടിയിരുന്നു. ബോർഡിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ദേവസ്വം മന്ത്രി റിപ്പോർട്ട് തേടിയത്. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിയതെന്ന് ദേവസ്വം കമ്മീഷണർ അന്വേഷിക്കും. നെയ്യ് കൊടുത്ത മിൽമയെപ്പോലെ വാങ്ങിയ ദേവസ്വം ബോർഡിനും ഉത്തരവാദിത്തമുണ്ടെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
വിറ്റവർ ഗുണമേന്മ ഇല്ലാത്ത സാധനം വിറ്റെങ്കിൽ എന്തിനത് വാങ്ങിയെന്നും അത് വലിയ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഇക്കാര്യം സർക്കാർ വലിയ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകുന്നുവെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പ്രതികരിച്ച മന്ത്രി ബിന്ദു കൃഷ്ണ, മിൽമയിലെ ഇടതുഭരണസമിതി അറിയാതെ ഒന്നും നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി.
അതിനിടെ, നെയ്യ് വിൽപനയിൽ ആരോപണവിധേയനായ മിൽമ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതിൻ്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെ ഷൈൻ ജോസഫ് രാജിവെച്ച് പോകാൻ ശ്രമിച്ചപ്പോൾ മിൽമ എംഡിയും സർക്കാർ പ്രതിനിധിയും അതിനെ എതിർത്തു. ഗുരുതരമായ ആരോപണമാണ് ഉദ്യോഗസ്ഥൻ നേരിടുന്നതെന്നും അന്വേഷണം നടക്കുന്നതിനാൽ രാജി അംഗീകരിക്കരുതെന്നുമായിരുന്നു നിലപാട്. എന്നാൽ ഈ എതിർപ്പ് തള്ളി ഇടതുഭരണസമിതി ഷൈൻ ജോസഫിനെ രാജിവെക്കാൻ അനുവദിച്ചു. ചട്ടങ്ങൾ ലംഘിച്ച് ടെൻഡറിന് ശുപാർശ നൽകിയതും ടെൻഡർ അംഗീകരിച്ചതും ഷൈൻ ജോസഫ് ആയിരുന്നു.


