
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിൽ വെളളിയാഴ്ച ഉണ്ടായ സുനാമിയിൽ മരിച്ചവരുടെ എണ്ണം 832 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. തകർന്ന കെട്ടിടങ്ങളുടെ അടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് സുനാമിയില്‍ 832 പേര്‍ മരിച്ചുവെന്ന വിവരം പുറത്ത് വിട്ടത്.
വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ തീരത്തേക്ക് ആഞ്ഞടിച്ച തിരമാലകള്‍ ഇരുപത് അടിയില്‍ അധികം ഉയര്‍ന്നിരുന്നു. വിവിധ ഭാഗങ്ങളിലായി ചിതറപ്പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്തോനേഷ്യയില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. പാലു നഗരത്തില്‍ നിരവധിയാളുകള്‍ ഇനിയും മണ്ണില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണുള്ളത്. ഇവരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ സാധിച്ചിട്ടില്ല.
വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ സുനാമിത്തിരയില്‍ തകര്‍ന്നടിഞ്ഞതോടെ പാലുവില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ഡോണഗ്ഗലയിലെ നാശനഷ്ടങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഇല്ല. പല കെട്ടിടങ്ങള്‍ക്ക് അടിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചുള്ള നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
പാലുവില്‍ വെള്ളിയാഴ്ച ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അരമണിക്കൂറിന് ശേഷം ഇത് പിന്‍വലിച്ചിരുന്നു. മുന്നറിയിപ്പ് പിന്‍വലിച്ചത് മൂലം നിരവധി ആളുകള്‍ നഗരത്തില്‍ നിന്ന് പോകാതെയിരുന്നതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 3.5ലക്ഷം പേര്‍ താമസിക്കുന്ന പാലു നഗരത്തില്‍ നിന്ന് പതിനേഴായിരം ആളുകളെ മാത്രമാണ് സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നത്. റോഡുകളും പാലങ്ങളുമെല്ലാം ആഞ്ഞടിച്ച തിരയില്‍ തകര്‍ന്നു. മിക്കയിടങ്ങളിലും ഭക്ഷണവും മരുന്നുമടക്കം ആളുകള്‍ക്ക് എത്തിക്കാന്‍ ദുരന്ത നിവാരണ സേനയ്ക്ക് സാധിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam