കവിതാ മോഷണം; കലേഷിനോട് മാത്രമല്ല, പൊതുസമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

By Web TeamFirst Published Dec 5, 2018, 12:27 PM IST
Highlights

'നൈതികതയെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല. സംഘപരിവാറിനേക്കാൾ വിമർശിച്ചത് ഇടതുപക്ഷമാണ്'

തിരുവനന്തപുരം: കവിതാ മോഷണത്തിൽ കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്. അധ്യാപിക എന്ന നിലയിൽ തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇതോടെ നൈതികതയെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. തനിക്ക് കുറ്റബോധമുണ്ട്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല. സംഘപരിവാറിനേക്കാൾ വിമർശിച്ചത് ഇടതുപക്ഷമാണ്. ആ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും ദീപ കൂട്ടിച്ചേര്‍ത്തു. 

കലേഷിന്‍റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ദീപാ നിശാന്തിന്‍റെ പ്രതികരണം. നേരത്തേ ദീപ, കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് പ്രഭാഷകൻ എം ജെ ശ്രീചിത്രൻ ആണെന്നും ദീപ വിശദീകരിച്ചിരുന്നു.

അതിനിടെ കവിതാ മോഷണ വിവാദത്തില്‍ ദീപാ നിശാന്തിനോട് വിശദീകരണം തേടാന്‍ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ്(കെ പി സി ടി എ) അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് നിർദേശം നൽകിയത്. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയാണ് ദീപ നിശാന്ത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് തൃശൂർ കേരള വർമ്മ കോളേജ്. ഫൈൻ ആർട്സ് ഉപദേശക പദവിയിൽ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!