നൂറിലേറെ മാനുകളെ കൊന്ന പ്രതിക്ക് വിചിത്ര ശിക്ഷയുമായി കോടതി

By Web TeamFirst Published Dec 18, 2018, 11:53 PM IST
Highlights

മാനുകളെ കൊന്ന ശേഷം അവയുടെ തലമാത്രം എടുത്ത് സ്ഥലം കാലിയാക്കിക്കൊണ്ടിരുന്ന ഡേവിഡിനെ ആഗസ്റ്റ് മാസമാണ് അറസ്റ്റ് ചെയ്തത്. മിസൗറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെ ഇത്രയധികം മാനുകളെ വേട്ടയാടുന്നതിന് പിടികൂടുന്നത്. 

മിസൗറി: നൂറിലേറെ മാനുകളെ കൊലപ്പെടുത്തിയ വേട്ടക്കാരന്  വിചിത്ര ശിക്ഷയുമായി കോടതി. അമേരിക്കയിലെ മിസൗറിയില്‍ നിന്നുമാണ് മാനുകളെ വേട്ടയാടിയതിന് ഡേവിഡ് ബെറി എന്നയാളെ പിടികൂടിയത്. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ഇയാള്‍ക്ക് രണ്ട് വര്‍ഷം തടവാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിയില്‍ മാസത്തില്‍ ഒരു പ്രാവശ്യം വാള്‍ട്ട് ഡിസ്നി നിര്‍മിച്ച ബാംബി എന്ന കാര്‍ട്ടൂണ്‍ സിനിമ കാണാനാണ് ശിക്ഷ. 

മാനുകളെ കൊന്ന ശേഷം അവയുടെ തലമാത്രം എടുത്ത് സ്ഥലം കാലിയാക്കിക്കൊണ്ടിരുന്ന ഡേവിഡിനെ ആഗസ്റ്റ് മാസമാണ് അറസ്റ്റ് ചെയ്തത്. മിസൗറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെ ഇത്രയധികം മാനുകളെ വേട്ടയാടുന്നതിന് പിടികൂടുന്നത്. 

1942 ല്‍ നിര്‍മിച്ച ബാംബി എന്ന ചിത്രം വേട്ടക്കാരനാല്‍ അമ്മയെ നഷടമായ ഒരു മാന്‍കുഞ്ഞിന്റെ കഥയാണ് വിവരിക്കുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ്  ഡേവിഡിനെ പിടികൂടിയത്. ഇയാള്‍ കൊലപ്പെടുത്തിയ മാനുകളുടെ കൃത്യമായ എണ്ണം ഇനിയും വ്യക്തമായിട്ടില്ല. നൂറുകണക്കിന് മാനുകളെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതത്തില്‍ ഇയാള്‍ വിശദമാക്കുന്നത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് പുറമേ അനധികൃതമായി ആയുധം ഉപയോഗിച്ചതിനും കോടതി ഇയാള്‍ക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. 
 

click me!