ഉത്തരേന്ത്യയെ ഭീതിയിലാഴ്ത്തി പൊടിക്കാറ്റ്; ദില്ലി വിമാനത്താവളം അടച്ചു

By Web DeskFirst Published May 13, 2018, 8:27 PM IST
Highlights

മരങ്ങള്‍ ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് പലയിടങ്ങിലും ഗതാഗതം തടസപ്പെട്ടു. ഇടിവെട്ടും മിന്നലും ഉണ്ടായതിനാല്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങിയില്ല.

ദില്ലി: പൊടിക്കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റണ്‍വേ പൂര്‍ണ്ണമായും അടച്ചു. റണ്‍വേയില്‍ ഉള്‍പ്പെടെ കാഴ്ച പൂര്‍ണ്ണമായും തടസ്സപ്പെട്ട ഘട്ടത്തിലാണ് തീരുമാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തി ഇന്ന് വീണ്ടും ശക്തമായ കാറ്റടിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ പൊടിക്കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദില്ലി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് വീണ്ടും പൊടിക്കാറ്റടിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പങ്കെടുത്ത ദില്ലി ഐ.പി എക്‌സ്റ്റന്‍ഷനിലെ ചടങ്ങ് കാറ്റിനെ തുടര്‍ന്ന നിര്‍ത്തി വെച്ചു. സ്റ്റേജിന്റെ ഒരു വശം പൊടിക്കാറ്റിനിടെ തകരുകയും ചെയ്തു. ദില്ലി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നോയിഡ-ദ്വാരക ലൈനിലെ മെട്രോ സര്‍വ്വീസ് 30 മിനിറ്റ് നിര്‍ത്തിവെച്ചു.

മരങ്ങള്‍ ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് പലയിടങ്ങിലും ഗതാഗതം തടസപ്പെട്ടു. ഇടിവെട്ടും മിന്നലും ഉണ്ടായതിനാല്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങിയില്ല. രാജസ്ഥാനിലും മധ്യപ്രദേശിലും പൊടിക്കാറ്റില്‍ നാശനഷ്‌ടങ്ങളുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. ഉത്തരാഖണ്ഡിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് തവണയായി ഉണ്ടായ പൊടിക്കാറ്റില്‍ 134 പേര്‍ കൊല്ലപ്പെടുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

click me!