ദില്ലിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സിനെ ആശുപത്രിയില്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി

By Web DeskFirst Published Oct 3, 2017, 1:03 AM IST
Highlights

ദില്ലി: പിരിച്ചുവിട്ടതിന് ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്‌സിനെ ചികില്‍സയ്ക്കിടെ ആശുപത്രി അധികൃതര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് നഴ്‌സിന്റെ പരാതി.  ആശുപത്രിക്കകത്ത് മര്‍ദ്ദനമേറ്റെന്നും അമിതമായി മരുന്ന് കുത്തിവച്ചുവെന്നുമാണ് പരാതി. 

വസന്ത് കുഞ്ചിലെ ഐഎല്‍ബിഎസ് ആശുപത്രിയിലെ തൊഴില്‍ പീഡനത്തിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പരാതി നല്‍കിയതിന് പിരിച്ചുവിട്ടതിനാണ് ആശുപത്രിയിലെ ശുചിമുറിക്കകത്ത് വെള്ളിയാഴ്ച്ച രാത്രി ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

തൊട്ടുപിന്നാലെ ഐഎല്‍ബിഎസില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് മര്‍ദ്ദനമേറ്റതെന്നാണ് നഴ്‌സ് പരാതിപ്പെട്ടിരിക്കുന്നത്. മയക്കത്തിനായി കുത്തിവയ്ക്കുന്ന മരുന്ന് നാല് മില്ലി ലിറ്റര്‍ കൊടുക്കേണ്ടിടത്ത് 40  മില്ലിലിറ്റര്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചു.

ഡിസ്ച്ചാര്‍ജ് രേഖകളില്‍ ഇതക്കാര്യം വ്യക്തമാണെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ഇടപെട്ട്  എയിംസിലെത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായതെന്നും നഴ്‌സ് പറഞ്ഞു.   

നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. മറ്റൊരു ആശുപത്രിയില്‍ ജോലി തരപ്പെടുത്താമെന്ന മാനേജ്‌മെന്റ് നിലപാട് നഴ്‌സുമാര്‍ തള്ളി.  പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയനേയും നഴ്‌സുമാര്‍ കണ്ടു. പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

click me!