
ദില്ലി: ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എബിവിപി നേതാവിന്റേത് വ്യാജ ബിരുദ രേഖകള്‍ എന്ന് ആരോപണം. വ്യാജ രേഖകള്‍ ചമച്ചാണ് അങ്കിവ് ബൈസോയ കോളേജില്‍ പ്രവേശനം നേടിയതെന്നാണ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‍യു ആരോപിക്കുന്നത്.
വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള രേഖകളാണ് അങ്കിവ് പ്രവേശനത്തിനായി നല്‍കിയിരുന്നത്. ഇതില്‍ സംശയം തോന്നി നടത്തിയ അന്വേഷണമാണ് ബിരുദരേഖകള്‍ വ്യാജമാണെന്ന ആരോപണം ശക്തമാക്കിയത്. ഞങ്ങളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ഉണ്ട്. അങ്കിവ് ബൈസോയ എന്നൊരു വിദ്യാര്‍ത്ഥി ഇവിടെ പഠിച്ചിട്ടില്ലെന്ന് തിരുവള്ളുവര്‍ സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞു. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നും തിരുവള്ളുവര്‍ സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
വിഷയം ഏതാണെന്ന് വ്യക്തമാക്കാത്ത ബിരുദ സര്‍ട്ടഫിക്കറ്റാണ് അങ്കിവ് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി യൂണിവേഴ്സിറ്റിയില്‍ നല്‍കിയത്. അങ്കിവ് വെല്ലൂരിലാണ് പഠിച്ചത് എന്നറിഞ്ഞപ്പോള്‍ സംശയം തോന്നി സര്‍വ്വകലാശാലയെ സമീപിച്ചപ്പോളാണ് വിവരം വ്യക്തമായതെന്ന് എന്‍എസ്‍യു നേതാക്കള്‍ വിശദമാക്കി. അങ്കിവ് സമര്‍പ്പിച്ച മാര്‍ക്ക് ഷീറ്റില്‍ വിഷയങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞയാഴ്ചയാണ് 1744 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അങ്കിവ് ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കുപ്പെട്ടത്.
എന്നാല്‍ എന്‍എസ്‍യു വിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും ആരോപണമുന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടത്തിന് കോടതിയെ സമീപിക്കുമെന്നും അങ്കിവ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam