നോട്ട് അസാധുവാക്കൽ: പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

By Web DeskFirst Published Nov 23, 2016, 8:24 AM IST
Highlights

ദില്ലി: വലിയ നോട്ടുകൾ അസാധുവാക്കിയ വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണവും ജെപിസി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം സംയുക്തമായി പാർലമെന്റ് വളപ്പിൽ മനുഷ്യചങ്ങല തീർത്തു. 200ലധികം പ്രതിപക്ഷ എംപിമാരാണ് ഒറ്റക്കെട്ടായി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ ചങ്ങല തീര്‍ത്തത്. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും, മായാവതിയും ഡെറിക് ഒബ്രിയനും നയിച്ച പ്രതിഷേധത്തിൽ ജയലളിതയുടെ അണ്ണാ ഡിഎംഎംകെയും പങ്കുചേർന്നു.

പ്രധാനമന്ത്രി വിശദീകരണം നല്‍കണം, അഴിമതി അന്വേഷിക്കണം, വോട്ടെടുപ്പോടെയുള്ള ചർച്ച വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പാർലമെന്റിനു മുന്നിൽ എംപിമാർ മനുഷ്യചങ്ങല തീർത്തത്. പ്രതിപക്ഷ പ്രതിഷേധത്തിനു ശേഷം ഇരുസഭകളും ചേർന്നപ്പോർ പ്രധാനമന്ത്രി ലോക്‌സഭയിലെത്തിയെങ്കിലും അടിയന്തരപ്രമേയം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളം കാരണം സ്തംഭനം തുടർന്നു. ശിവസേനയും അകാലിദളും സർക്കാർ നയത്തിനൊപ്പം നിന്നു. ഇന്നലെ ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ബഹളം നേരിട്ടത്.

മമതാ ബാനർജിയുടെ നേതൃത്യത്തിൽ പാർലമെന്റിനു പുറത്തെ പ്രതിഷേധവും ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ചരക്കു സേവന നികുതി നടപ്പാക്കാനുള്ള ബില്ലുകൾ രാജ്യസഭയുടെ അനുമതി നിർബന്ധമല്ലാത്ത പണ ബില്ലായി കൊണ്ടു വരാനുള്ള നീക്കം സർക്കാർ ശക്തമാക്കിയെന്നാണ് സൂചന. ഇന്നു കണ്ട പ്രതിപക്ഷ ഐക്യം ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായെങ്കിലും സർക്കാർ വഴങ്ങാൻ തയ്യാറല്ല.

click me!