നോട്ട് അസാധുവാക്കല്‍; കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

By Web DeskFirst Published Nov 23, 2016, 7:02 AM IST
Highlights

ദില്ലി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, നോട്ടു റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലെ കേസുകള്‍ ഒരു കോടതിയുടെ കീഴിലാക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം സുപ്രീംകോടതി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.കേസിലെ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ അടക്കമുള്ളവയില്‍ ഉള്ള ഹര്‍ജികളുമായി ബന്ധപ്പെട്ടവര്‍ക്ക് മുന്നോട്ടുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. നോട്ടു റദ്ദാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു അഡ്വ. ജനറല്‍ മുകുള്‍ റോഹ്ത്തഗി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. അഡ്വ. ജനറല്‍ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി ഇന്ന് ഹര്‍ജി പരിഗണിച്ചത്.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രത്തിന് സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടായേക്കാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

 

click me!