തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഡെങ്കിപ്പനി പടരുന്നു; ആറ് ഡോക്ടര്‍മാര്‍ക്ക് അസുഖം സ്ഥിരീകരിച്ചു

By Web DeskFirst Published May 19, 2017, 1:31 PM IST
Highlights

തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഡെങ്കിപ്പനി പടരുന്നു. ആറ് ഡോക്ടര്‍മാര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന നാല് ഹൗസ് സര്‍ജന്മാര്‍ക്ക് പനിയും പിടിപെട്ടു. പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനിടെ സംസ്ഥാനത്ത് ഇന്ന് മാത്രം 106 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു . ഇതില്‍ 66 പേര്‍ തിരുവനന്തപുരം നഗരവാസികളാണ്.

അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനി മാരകമാംവിധം പടരുകയാണ്. ഇതുവരെ 3,525 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 2,299 പേരും തലസ്ഥാന ജില്ലക്കാരാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി മരണം 14 ആയി. അതേസമയം ഒരു തവണ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായാല്‍ അത് അപകടകരമായേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മഴയെത്തും മുമ്പേ തന്നെ സംസ്ഥാനം പനിക്കിടക്കയിലായിരിക്കുകയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റം, വ്യക്തി പരിസര ശുചീകരണങ്ങളില്‍ വരുത്തിയ വീഴ്ച തുടങ്ങിയവ രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി. ഈഡിസ് കൊതുകുകളുടെ സാന്ദ്രത വല്ലാതെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിയുടെ തലസ്ഥാനമായി തിരുവനന്തപുരം ജില്ല മാറിയിരിക്കുകയാണ്.

രോഗം കണ്ടെത്തുന്നതേറെയും നഗര പ്രദേശങ്ങളിലാണ്.  നേരത്തെ നാല് തരം വൈറസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ അത് അഞ്ചുതരമായി. സംസ്ഥാനത്തിപ്പോള്‍ ഒന്നിലധികം വൈറസുകള്‍ കാണുന്നുമുണ്ട്. ഈ ഘട്ടത്തില്‍ ഒരു തവണ രോഗം വന്നയാള്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായാല്‍ അത് മാരകമാകാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെപോയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്ന ഉത്കണ്ഠയിലാണ് ആരോഗ്യവകുപ്പ്. ഇതിനിടെ ഡെങ്കിപ്പനി പടരുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ താക്കീതിനെത്തുടര്‍ന്നാണ് അടിയന്തര ശുചീകരണം. സര്‍ക്കാര്‍ നടപടികളുടെ ഭാഗമായുള്ള ഡ്രൈ ഡേ ആചരണത്തിനൊപ്പം വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.

click me!