കടകംപള്ളിയെ മുഖ്യമന്ത്രി തിരുത്തി; മെട്രോ ഉദ്ഘാടനം മാറ്റി

By Web DeskFirst Published May 19, 2017, 12:11 PM IST
Highlights

കൊച്ചി മെട്രോയുടെ ഉദ്ഘാടന പ്രഖ്യാപനം വിവാദമായതോടെ തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയി. ഉദ്ഘാടന തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയ്യതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് രാവിലെ അറിയിച്ചത്. എന്നാല്‍ മേയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ മുന്‍കൂട്ടി നിശ്ചയിച്ച വിദേശ യാത്രയുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ഇതോടെ രണ്ട് മാസം മുമ്പ് നിശ്ചയിച്ച വിദേശ യാത്രയുടെ അന്നുതന്നെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ഒഴിവാക്കുകയാണെന്ന വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ചടങ്ങ് സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമാണെന്നും പ്രധാനമന്ത്രി വന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു കടകംപള്ളിയുടെ നിലപാട്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

ഉദ്ഘാടന തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് സൗകര്യമുള്ള തീയ്യതിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 30ന് ഉദ്ഘാടനമെന്ന് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം അറിയിച്ചു. ഇതിന് ശേഷം കടകംപള്ളിയും നിലപാട് മയപ്പെടുത്തി. മെട്രോ ഉദ്ഘാടനതീയതിയിൽ കടുംപിടുത്തം ഇല്ലെന്നും പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം മാറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ മെട്രോ ഉദ്ഘാടനം വിവാദമായത് സര്‍ക്കാറിനും ക്ഷീണമായിട്ടുണ്ട്. കെ.എം.ആര്‍.എലിനെ പോലും അറിയിക്കാതെയാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.

click me!