
ദില്ലി: ഡെങ്കിപ്പനി ബാധിച്ച പെണ്‍കുട്ടിയുടെ ചികിത്സയക്ക് ആശുപത്രി അധികൃതര്‍ ചുമത്തിയത് 18 ലക്ഷം രൂപ. ഹരിയാനയിലെ ഗുര്‍ഗോണിലെ ഫോര്‍ട്ടിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചികിത്സയ്ക്ക് അതിഭീമമായ ബില്‍ ചുമത്തിയത്. ഡെങ്കിപ്പനിയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഏഴ് വയസ്സുകാരി ആദ്യ സിംഗ് മരിച്ചത്. 15 ദിവസം ഐസിയുവില്‍ കിടന്നതിന് ശേഷം ഫോര്‍ട്ടിസ് ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു കുട്ടിയുടെ മരണം.
15 ദിവസത്തെ ചികിത്സയ്ക്ക് 2700 ഗ്ലൗസുകളും 660 സിറിഞ്ചുകളും ഉപയോഗിച്ചതിനാണ് ഇത്രയും തുക ഈടാക്കിയിരിക്കുന്നതെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ രക്ത പരിശോധനയ്ക്കായി 2.17 ലകഷം രൂപയും പെണ്‍കുട്ടിയുടെ പിതാവ് ജയന്തില്‍നിന്ന് ഈടാക്കിയിട്ടുണ്ട്. ജയന്തിന്റെ സുഹൃത്ത് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
അഞ്ചാം ദിവസം പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവനോടെയാണ് കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത് എന്ന കാര്യത്തിലും സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ബില്‍ അടയ്ക്കാതെ മൃതദേഹം വിട്ട് നല്‍കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി. എന്നാല്‍ ബില്‍ അടച്ചതിന് ശേഷവും അതിക്രൂരമായാണ് അധികൃതര്‍ പെരുമാറിയത്. ആംബുലന്‍സ് പോലും വിട്ട് നല്‍കിയില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ കുടുംബത്തിന് വേണ്ട സഹായം ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ അറിയിച്ചു. അതേ സമയം സംഭവത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് പിഴവുകളുണ്ടായിട്ടില്ലെന്നും എന്ത് അന്വേഷണത്തിനും തയ്യാറാണെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam