
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേർക്ക് മുളക് പൊടി ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയത് ബിജെപി നേതൃത്വമാണെന്ന ആരോപണവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപി നേതൃത്വമാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിലെന്നാണ് സിസോദിയയുടെ ഗുരുതര ആരോപണം. ദില്ലി സെക്രട്ടറിയേറ്റിൽ നിന്ന് മടങ്ങുന്ന സമയത്താണ് അനിൽകുമാർ ശർമ്മ എന്നയാൾ കെജ്രിവാളിന്റെ മുഖത്തേയ്ക്ക് മുളക് പൊടി എറിഞ്ഞത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ കെജ്രിവാളിന്റെ കണ്ണട മുഖത്ത് നിന്ന് താഴെ വീണുടയുകയും ചെയ്തിരുന്നു.
അനിൽകുമാർ ശർമ്മയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് വ്യക്തമാകുന്നത് അയാൾ ബിജെപി പ്രവർത്തകനാണെന്നാണ്. മാത്രമല്ല അയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കെജ്രിവാളിന് വിരുദ്ധമായിട്ടുള്ളതാണെന്നുമാണ് സിസോദിയയുടെ വാദം. ആക്രമണത്തക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണത്തെയും സിസോദിയ ചോദ്യം ചെയ്തു. ഇതിന് മുമ്പ് നാലുതവണ അരവിന്ദ് കെജ്രിവാൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കൃത്യമായ രീതിയിലുള്ള എഫ്ഐആർ തയ്യാറാക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും സിസോദിയ വിമർശിച്ചു. ബിജെപി സർക്കാരിന്റെ ആജ്ഞയ്ക്ക് അനുസരിച്ച് മാത്രമാണ് പൊലീസ് പ്രവർത്തിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും സിസോദിയ വിമർശനത്തിൽ നിന്നൊഴിവാക്കിയില്ല. കെജ്രിവാളിനെ വിളിച്ച് പരാതി നൽകുന്നതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നാണ് സിസോദിയയുടെ ചോദ്യം. ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് കെജ്രിവാൾ സേവനം ചെയ്യുന്നത്. അതിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും സിസോദിയ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam