ശബരിമല: റിവ്യു ഹര്‍ജിയിലെ അന്തിമ നിലപാട്; ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്

By Web TeamFirst Published Oct 3, 2018, 7:09 AM IST
Highlights

റിവ്യു നൽകാനൊരുങ്ങുന്ന വിവിധ സംഘടനകളുടെ നിയമനീക്കത്തിൽ ബോർഡ് എന്ത് നിലപാട് എടുക്കണം എന്നുള്ളത് പ്രധാനമാണ്. യുവമോർച്ച ഇന്ന് പഞ്ചായത്തുകളിൽ സമരം നടത്തും. മഹിളാമോർച്ച നാളെ ദേവസ്വം ആസ്ഥാനത്ത് പ്രതിഷേധിക്കും. തുലാമാസ പൂ‍ജക്ക് നടതുറക്കാനിരിക്കെ സമരം ശക്തമാകുന്നതിൻറെ ആശങ്കയും സർക്കാരിന് മുന്നിലുണ്ട് 

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. റിവ്യു ഹർജിയിലെ അന്തിമനിലപാട് ബോർഡ് ഇന്ന് വ്യക്തമാക്കും. ബിജെപിക്ക് പിന്നാലെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനും നിയമപോരാട്ടത്തിനുമുള്ള നീക്കങ്ങളിലാണ്.സർക്കാർ സ്ത്രീപ്രവേശന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ എതിർപ്പ് ശക്തമാക്കാനാണ് കോൺഗ്രസ്സിന്‍റെയും ബിജെപിയുടേയും നീക്കം. ഹിന്ദുവോട്ട് ഉറപ്പിക്കാൻ ഇതിലും നല്ലവിഷയമില്ലെന്ന് കോൺഗ്രസ്സും ബിജെപിയും തിരച്ചറിഞ്ഞിട്ടുണ്ട്. റിവ്യുവിൽ ദേവസ്വം ബോർഡിന്‍റെ അന്തി തീരുമാനം അറിഞ്ഞശേഷം കോൺഗ്രസ് തുടര്‍ നിയമനടപടി പ്രഖ്യാപിക്കും. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഇന്ന് കൂടിക്കാഴ്ച നടത്തി സമരം അടക്കമുള്ള കാര്യങ്ങളിലും തീരുമാനമെടുക്കും.
 
വിധിക്ക് കാരണം സർക്കാരാണെന്ന കോൺഗ്രസ്-ബിജെപി പ്രചാരണം തിരിച്ചടി ഉണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെങ്ങന്നൂരിലടക്കം പാർട്ടിയെ പിന്തുണച്ച ഭൂരിപക്ഷ വിഭാഗ വോട്ട് ചോരുമോ എന്നാണ് പേടി. വിധി നടപ്പാക്കണമെന്നാണ് സിപിഎം രാഷ്ട്രീയലൈൻ. പക്ഷെ ദേവസ്വം ബോർഡ് വഴി വിശ്വാസികളെ ഒപ്പം നിർത്തണമെന്ന ആഗ്രഹവുമുണ്ട്. റിവ്യു വേണമെന്ന നിലപാട് ദേവസ്വം പ്രസിഡണ്ട് തിരുത്തിപ്പറഞ്ഞു. എന്നാൽ റിവ്യു നൽകാനൊരുങ്ങുന്ന വിവിധ സംഘടനകളുടെ നിയമനീക്കത്തിൽ ബോർഡ് എന്ത് നിലപാട് എടുക്കണം എന്നുള്ളത് പ്രധാനമാണ്. യുവമോർച്ച ഇന്ന് പഞ്ചായത്തുകളിൽ സമരം നടത്തും. മഹിളാമോർച്ച നാളെ ദേവസ്വം ആസ്ഥാനത്ത് പ്രതിഷേധിക്കും. തുലാമാസ പൂ‍ജക്ക് നടതുറക്കാനിരിക്കെ സമരം ശക്തമാകുന്നതിൻറെ ആശങ്കയും സർക്കാരിന് മുന്നിലുണ്ട്. 
 

click me!