മല കയറാനെത്തിയ 'മനിതി' സംഘം യഥാര്‍ത്ഥ ഭക്തരാണോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി

By Web TeamFirst Published Dec 23, 2018, 1:34 PM IST
Highlights

ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനെടുക്കാന്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി തയ്യാറാകുന്നില്ല. ഒരു ജില്ലാ ജഡ്ജിയെ പ്രത്യേക ഉദ്യോഗസ്ഥാനായി ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. അവരുടെ നിയോഗം അവര്‍ മറക്കരുതെന്നും കടകംപള്ളി

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിന് എത്തിയ വനിതാ കൂട്ടായ്മയായ മനിതി സംഘം യഥാര്‍ത്ഥ ഭക്തരാണോ അല്ലയോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മനീതി സംഘത്തെ സംബന്ധിച്ചും പ്രവര്‍ത്തനത്തെ സംബന്ധിച്ചും അറിയില്ലെന്നും കടകംപള്ളി പറഞ്ഞു. 

ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനെടുക്കാന്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി തയ്യാറാകുന്നില്ല. ഒരു ജില്ലാ ജഡ്ജിയെ പ്രത്യേക ഉദ്യോഗസ്ഥാനായി ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. അവരുടെ നിയോഗം അവര്‍ മറക്കരുതെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന സൗകര്യങ്ങളേ്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ആറ് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസിന്‍റെ പ്രതികരണം.

പുലര്‍ച്ചെ പമ്പയിലെത്തിയ മനിതി സംഘം അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത്  കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിതി സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.

click me!