
തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള അപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റ തീരുമാനം. ഈ തീരുമാനം വിശദീകരിക്കാൻ മാധ്യമങ്ങളെ കണ്ട ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ ഒരു പരാമർശം കൗതുകമായി. ‘സാവകാശ ഹർജി’ സാവകാശം പരിഗണിച്ചാൽ മതിയാകുമെന്നായിരുന്നു എ.പദ്മകുമാറിന്‍റെ പ്രതികരണം.
സാവകാശ അപേക്ഷയിൽ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷം തുടർ നടപടികളെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ക്രമസമാധാന പ്രശ്നങ്ങളും യുവതികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ വിധി നടപ്പാക്കാൻ സാവകാശം തേടി അപേക്ഷ നൽകിയത്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സാവകാശം തേടി അപേക്ഷ നൽകാൻ ബോർഡ് നിർബന്ധിതതരായത്. എന്നാൽ സമ്മർദ്ദത്തിന് വഴങ്ങി സാവകാശം തേടുമ്പോഴും ഇക്കാര്യത്തിൽ വലിയ തിടുക്കം കാട്ടേണ്ടതില്ല എന്ന ദേവസ്വം ബോർഡിന്‍റെ നിലപാട് ഇതിലൂടെ വ്യക്തമാണ്. ശബരിമല ഹർജികൾ ജനുവരി 22ന് മുമ്പ് പരിഗണിക്കില്ലെന്ന് മറ്റൊരു കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡിന്‍റെ അപേക്ഷ പരിഗണിക്കുന്നതും ജനുവരി 22ലേക്ക് മാറാനാണ് സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam