
നിലയ്ക്കല്‍: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്. ഉച്ചയ്ക്ക് ശേഷം മാത്രമേ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുകയുളളൂ എന്നായിരുന്നു പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. തീർത്ഥാടകരെ വെവ്വേറെയായി പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് അറിയിച്ചത്.
എന്നാൽ നടന്ന് പോകാൻ അനുവദിക്കണമെന്നായിരുന്നു തീർത്ഥാടകരുടെ ആവശ്യം. ഇതേ തുടര്‍ന്ന് തീർത്ഥാടകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് തീര്‍ത്ഥാടകരുടെ ആവശ്യം പൊലീസ് അംഗീകരിക്കുകയും തീര്‍ത്ഥാടകരെ നടന്നുപോകാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. അതേസമയം, നിലയ്ക്കലില്‍ നിന്ന് വാഹനങ്ങള്‍ 11.30ന് ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
അതിനിടെ, എരുമേലിയില്‍ നിന്ന് വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെയും കടത്തി വിടാന്‍ തുടങ്ങി. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പൊലീസ് പ്രവേശിപ്പിക്കുന്നത്.
ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല . 20 കമാന്റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.
ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുൻപ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കിൽ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam