ആഭ്യന്തര വിമാന സര്‍വ്വീസ് പ്രതിസന്ധിയിലേക്ക്; ഈ വിമാനങ്ങളുടെ സര്‍വ്വീസ് നിരോധിച്ചു

By web deskFirst Published Mar 18, 2018, 11:41 AM IST
Highlights
  • 600 ല്‍ ഏറെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ വരും ദിവസങ്ങളില്‍ പറന്നുയരില്ല
  • ഡി.ജി.സി.എ. പാര്‍ട്ട് ആന്‍ഡ് വൈറ്റ്ലി സിരീസ് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നിരോധിച്ചു

ദില്ലി: എയര്‍ ബസ്സ് വിമാനങ്ങളുടെ എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ.)  കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്നു. രാജ്യത്തെ 40 ശതമാനം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഡിഗോ എയര്‍ മാര്‍ച്ച് 30 വരെയുളള അവരുടെ 480 വിമാന സര്‍വ്വീസുകള്‍ റ‍ദ്ദുചെയ്തു. എഞ്ചിന്‍ പ്രതിസന്ധി കൂടുതല്‍ നേരിടുന്ന മറ്റൊരു വിമാനകമ്പനിയായ ഗോ എയര്‍ തങ്ങളുടെ 120 സര്‍വീസുകളും ഉണ്ടാവില്ല എന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ 600 ല്‍ ഏറെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ വരും ദിവസങ്ങളില്‍ പറന്നുയരില്ല. 

എയര്‍ ബസ് എ 320 നിയോ വിമാനങ്ങളില്‍ ഘടിപ്പിക്കുന്ന പാര്‍ട്ട് ആന്‍ഡ് വൈറ്റ്ലിയുടെ എഞ്ചിനുകളിലാണ് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതെത്തുടര്‍ന്ന് ഡി.ജി.സി.എ. പാര്‍ട്ട് ആന്‍ഡ് വൈറ്റ്ലി സിരീസ് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ സര്‍വ്വീസുകള്‍ നിരോധിക്കുകയായിരുന്നു. ഞങ്ങളുടെ എഞ്ചിനുകള്‍ക്ക്  ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ നിരോധനം വിഷമിപ്പിക്കുന്നതാണ് എന്നുമാത്രം പ്രതികരിച്ച കമ്പനി അധികൃതര്‍ എഞ്ചിന്‍ പ്രശ്നത്തെ എങ്ങനെ പ്രരിഹരിക്കാമെന്ന് വിമാനകമ്പനികളുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. 

ജനങ്ങളുടെ ജീവനാണ് വലുത് അതിനാല്‍ വിമാനങ്ങളില്‍ വ്യക്തമായ പരിശോധനകള്‍ കഴിയാതെ സര്‍വ്വീസുകള്‍ ആരംഭിക്കാനാകില്ല എന്നതാണ് ഡി.ജി.സി.എ. നിലപാട്. വരും ദിവസങ്ങളില്‍ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്കുളള സര്‍വ്വീസുകള്‍ ഇല്ലാതാവുന്നതോടെ വിമാന യാത്രക്കാര്‍ വലയുമെന്നുറപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ "ഉഡാന്‍" പോലെയുളള പദ്ധതികളിലൂടെ ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. 

click me!