
മുംബൈ: എയര്‍ബസ് എ-320 നിയോ വിമാനങ്ങളുടെ എഞ്ചിന്‍ തകരാര്‍ കാരണം രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടങ്ങുന്നു. എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ എഞ്ചിനുകളില്‍ പലതവണ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) ഈ സീരിസിലുളള വിമാനങ്ങള്‍ക്ക് പരിശോധന ശക്തിപ്പെടുത്തിയത്. ഇത് ഫലത്തില്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്ന അവസ്ഥയിലെത്തിച്ചു.
ഇന്‍ഡിഗോയുടെ 48 സര്‍വ്വീസുകളും ഗോഎയറിന്‍റെ 18 സര്‍വ്വീസുകളും ഇന്ന് മുന്‍കൂര്‍ അറിയിപ്പുകളെന്നുമില്ലാതെ ഉപേക്ഷിച്ചതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ആഭ്യന്തര വിമാനസര്‍വ്വീസ് രംഗത്ത് ഇന്‍ഡിഗോയ്ക്ക് 40 ശതമാനം സാന്നിധ്യമുണ്ട്. എ-320 വിമാനങ്ങളില്‍ ഘടിപ്പിക്കുന്ന പാര്‍ട്ട് ആന്‍ഡ് വൈറ്റ്നീയുടെ പിഡബ്ലിയൂ1100 ജി ഡബ്ലിയൂ എഞ്ചിനുകളിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഈ സിരീസില്‍പ്പെട്ട എഞ്ചിനുകള്‍ ഘടിപ്പിച്ച വിമാനങ്ങള്‍ താത്കാലികമായി സേവനം നിര്‍ത്തിവെയ്ക്കാന്‍ ഡി.ജി.സി.എ. ഉത്തരവിടുകയായിരുന്നു.
ഇന്‍ഡിഗോയുടെ മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ഡല്‍ഹി, ഭുവനേശ്വര്‍, തുടങ്ങിയിടങ്ങളിലേക്കും ഗോഎയറിന്‍റെ കൊച്ചി, ചെന്നൈ, ഹൈദരാബാദ്, തുടങ്ങിയിടങ്ങളിലേക്കും തിരിച്ചുമുളള വിമാന സര്‍വ്വീസുകള്‍ ഉപേക്ഷിച്ചവയില്‍ പെടുന്നവയാണ്. മറ്റ് പല വിമാനകമ്പനികളും എയര്‍ബസ് എ-320 ഉപയോഗിക്കുന്നുണ്ടെങ്കിലും വൈറ്റനീയുടെ എഞ്ചിന്‍ എ-320 വിമാനത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുവരുന്നത് ഇന്‍ഡിഗോയും ഗോ എയറുമാണ്.
കഴിഞ്ഞദിവസം അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന എ-320 നിയോ വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നിരുന്നു. അടുത്തകാലത്തായി പാര്‍ട്ട് ആന്‍ഡ് വൈറ്റ്നീയുടെ എഞ്ചിനുളളവയില്‍ ഇത്തരം നിരവധി തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഡി.ജി.സി.എ. കടുത്ത നടപടിയിലേക്ക് കടന്നത്. സംഭവങ്ങള്‍ ഇത്രയും രൂക്ഷമായി നില്‍ക്കുമ്പോഴും വൈറ്റിനീയുടെയോ എയര്‍ ബസ്സിന്‍റെയോ ഭാഗത്തുനിന്നു വ്യക്തമായ മറുപടിയോ പരിഹാര നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam