പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സൈബര്‍ ആക്രമണം ദൗര്‍ഭാഗ്യകരം; കര്‍ശന നടപടിയെന്ന് ഡിജിപി

By Web TeamFirst Published Oct 22, 2018, 5:27 PM IST
Highlights

രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സൈബര്‍ ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മതത്തിന്‍റെ പേരില്‍ ഐജി മനോജ് എബ്രഹാമിനും വിശ്വാസത്തിന്‍റെ പേരില്‍ ഐ.ജി. എസ് ശ്രീജിത്തിനും എതിരായ ആക്രമണം ന്യായീകരിക്കാനാകാത്തത്. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി.

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

മതത്തിന്‍റെ പേരില്‍ ഐ.ജി.മനോജ് എബ്രഹാമിനെതിരേയും വിശ്വാസത്തിന്‍റെ പേരില്‍ ഐ.ജി. എസ് ശ്രീജിത്തിനെതിരേയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്‍റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല.  മതത്തിന്‍റേയും വിശ്വാസത്തിന്‍റേയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വ്വഹിക്കുന്ന പൊലീസ്  ഉദ്യോഗസ്ഥരെ നിര്‍വ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

 

click me!