നടുറോഡില്‍ യുവതിയെ കടന്ന് പിടിച്ച സംഭവം: ഗവ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

By Web DeskFirst Published Aug 16, 2016, 8:26 AM IST
Highlights

കൊച്ചി: വന്‍വിവാദമായ സ്ത്രീ പീഡനക്കേസിൽ പ്രതിയായ ഹൈക്കോടതിയിലെ ഗവൺമെന്റ്  പ്ലീഡര്‍ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹർജി ഹൈക്കോടതി തള്ളി. നടുറോഡില്‍ യുവതിയെ കടന്ന് പിടിച്ച കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  നല്‍കിയ ഹര്‍ജിയാണ്  ഹൈക്കോടതി തള്ളിയത്.  ധനേഷ് മാഞ്ഞൂരാനെ പ്രതിയാക്കി  വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍  എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിന്റെ  അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതായി പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. നിരവധി സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിചാരണ കോടതിയായ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന  ധനേഷ് മാഞ്ഞൂരാന്റെ ആവശ്യം നിലനില്‍ക്കില്ലെന്നും പോലീസ് ഹൈക്കോടതിയില്‍ വാദിച്ചു. പോലീസിന്റെ ഈ വാദം അംഗീകരിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.

അഭിഭാഷകര്‍ സംഘം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങള്‍ക്കു തുടക്കം കുറിച്ച കേസില്‍ സുപ്രധാന വഴിത്തിരിവാണ് വിചാരണക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ജൂലൈ 14നു രാത്രി ഏഴു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ സംസ്ഥാന വ്യാപകമായി അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. കോടതി റിപ്പോര്‍ട്ടിംഗില്‍ അപ്രഖ്യാപിത വിലക്കുമുണ്ടായി. കോഴിക്കോട് കോടതിയില്‍ ഐസ്ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

ഇതിനിടെ തന്നെ അപമാനിച്ചത് ധനേഷ് മാത്യൂ മാഞ്ഞൂരാനാണെന്ന് ആവർത്തിച്ച് പരാതിക്കാരിയായ വീട്ടമ്മ പരസ്യമായി രംഗത്തു വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കോൺവെന്റ് റോഡിൽ  വച്ച് തന്നെ ധനേഷ് മാത്യൂ കടന്നു പിടിച്ചതെന്നായിരുന്നു പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.

നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനേഷും കുടുംബവും വീട്ടിലെത്തിയെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ധനേഷിന്റെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും തെറ്റുപറ്റിയെന്നും കുടുംബ ജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം കണ്ണീരോടെ അഭ്യര്‍ഥിച്ചപ്പോള്‍ താന്‍ വെളളപേപ്പറിൽ ഒപ്പിട്ട് നൽകിയെന്നും എന്നാൽ ഇത് കൈക്കലാക്കിയശേഷം തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു.

ധനേഷ് യുവതിയെ കടന്നു പിടിച്ചതായി ദൃക്‌സാക്ഷിയും മൊഴി നല്‍കിയിരുന്നു. എം ജി റോഡിൽ ഹോട്ടൽ നടത്തുന്ന ഷാജിയാണ് സംഭവം നേരിട്ട് കണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. 35 ഓളം സാക്ഷിമൊഴികളും  ഇയാള്‍ക്കെതിരെയുണ്ട്.  മകന്‍ തെറ്റ് ചെയ്തതായി സമ്മതിച്ച് ധനേഷിന്‍റെ പിതാവ്,യുവതിക്ക്  മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കിയ കത്ത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്തു വിട്ടിരുന്നു.

 

 

click me!