
തൃശൂര്‍: തൃശൂർ കുറ്റൂരിൽ സ്പെഷ്യൽ സ്കൂളിൽ നിന്ന് കാണാതായ ഭിന്നശേഷിയുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പറപ്പൂർ സ്വദേശി ഗൗതം കൃഷ്ണ ആണ് മരിച്ചത്. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി തൃശൂർ കുറ്റൂരിലുള്ള സ്വാശ്രയ സ്പെഷ്യൽ സ്കൂളിൽ നിന്നാണ് ഗൗതം കൃഷ്ണയെ ഇന്നലെ വൈകുന്നേരം കാണാതായത്.
സ്കൂൾ വിടുന്ന സമയത്ത് കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുട്ടി സ്കൂളിലില്ലെന്ന് മനസിലായത്. ഉടനെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ച് തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സ്കൂളിന് അടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സ്കൂളിന്‍റെ മതിലിന് ഉയരം കുറവായതിനാൽ കുട്ടികൾ പുറത്ത് പോകാനുള്ള സാഹചര്യമുണ്ടെന്നും പരിഹാരം കാണണമെന്നും സ്കൂൾ അധികൃതരോട് രക്ഷിതാക്കൾ പലതവണ പരാതിപ്പെട്ടിട്ടും നടപടി എടുത്തിരുന്നില്ല. ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനമായിട്ടും സെക്യൂരിറ്റി ജീവനക്കാരോ സിസിടിവി ക്യാമറയോ ഇവിടെ ഇല്ലാത്തതും കുട്ടി പുറത്തുപോകാൻ കാരണമായെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam