
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് എല്ലാതെളിവുകളും ലഭിച്ചതിന് ശേഷം. ഗൂഢാലോചന സംബന്ധിച്ച് കേസിലെ മുഖ്യപ്രതിയും ദിലീപും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ശക്തമായ തെളിവുകള്‍ ലഭിച്ചതിനെതുടര്‍നാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ പൊലീസ് സംഘം തീരുമാനിച്ചത്. ഇതിന് പിന്നാലെ, നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് ദിലീപുമായി അടുപ്പമുള്ള ഒരാളെ ഏല്‍പ്പിച്ചത് സംബന്ധിച്ച് തെളിവുകള്‍ കണ്ടെടുത്തതും കേസില്‍ ഏറെ നിര്‍ണായകമായി. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമല്ല, വ്യക്തിവിരോധം മൂലമാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒരു വര്‍ഷം മുമ്പാണ് ഇതുസംബന്ധിച്ച് ഒരു ഹോട്ടലില്‍വെച്ച് ഗൂഢാലോചന നടന്നതും, വിശ്വസ്‌തനായ സുനിലിന് ക്വട്ടേഷന്‍ നല്‍കാനും ദിലീപ് തീരുമാനിച്ചത്. പിന്നീട് ചോദ്യം ചെയ്യലില്‍ ഈ കാര്യങ്ങളൊക്കെ ദിലീപും സുനിലും സമ്മതിച്ചതായാണ് വിവരം., ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂറോളം ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവായത്. ഇന്നു രാവിലെ ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ വിളിച്ചുവരുത്തിയിരുന്നു. തെളിവുകള്‍ നിരത്തിയോടെ ദിലീപിന് ഉത്തരം മുട്ടി. ഒടുവില്‍ കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായും അന്വേഷണസംഘം ബന്ധപ്പെട്ടിരുന്നു. കസ്റ്റഡിയെക്കുറിച്ചും അറസ്റ്റിനെക്കുറിച്ചും ഒരു വിവരവും പുറത്തുവിടരുതെന്ന് ശക്തമായ നിര്ദ്ദേശം മുകളില്‍നിന്ന് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവരം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam