ശബരിമല പ്രശ്നത്തിൽ ബിജെപിയിൽ ആശയക്കുഴപ്പം; സുരേന്ദ്രന്റെ അറസ്റ്റോടെ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞു

By Web TeamFirst Published Nov 27, 2018, 7:16 AM IST
Highlights

സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ. സുരേന്ദ്രൻ ഒരാഴ്ചയിലേറെയായി ജയിലിൽ തുടരുകയാണ്. പലതരത്തിലാണ് മുതിർന്ന നേതാവിൻറെ അറസ്റ്റും നീണ്ട ജയിൽവാസവും ബിജെപിയെ ബാധിച്ചത്. എന്നാല്‍ അറസ്റ്റിനെതിരെ ഇതുവരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വി.മുരളീധരപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. 

തിരുവനന്തപുരം:  കെ.സുരേന്ദ്രന്റെ അറസ്റ്റോടെ ശബരിമല പ്രശ്നത്തിൽ സംസ്ഥാന ബി.ജെ.പിയിൽ ആശയക്കുഴപ്പം. അറസ്റ്റിനെ പ്രതിരോധിച്ചില്ലെന്ന മുരളീധരപക്ഷത്തിന്റെ പരാതിക്കൊപ്പം തുടർ സമരങ്ങളുടെ ശക്തി കുറഞ്ഞെന്ന് ഗ്രൂപ്പിന് അതീതമായ വിമർശനവും പാർട്ടിയിലുണ്ട്. പാർട്ടിയുടെ പിന്നോട്ടുപോക്കിനിടെ കോൺഗ്രസ് ശക്തമായി വിഷയം ഏറ്റെടുത്തു തുടങ്ങിയെന്ന വിലയിരുത്തലും ബിജെപിയിലുണ്ട്. 

സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ. സുരേന്ദ്രൻ ഒരാഴ്ചയിലേറെയായി ജയിലിൽ തുടരുകയാണ്. പലതരത്തിലാണ് മുതിർന്ന നേതാവിൻറെ അറസ്റ്റും നീണ്ട ജയിൽവാസവും ബിജെപിയെ ബാധിച്ചത്. എന്നാല്‍ അറസ്റ്റിനെതിരെ ഇതുവരെ ശക്തമായ പ്രതിഷേധം ഉയർത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വി.മുരളീധരപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. ഉടൻ ജാമ്യം കിട്ടുമെന്നാണ് കരുതിയതെന്ന സംസ്ഥാന അധ്യക്ഷന്റെ വിശദീകരണത്തിലും സുരേന്ദ്രന്റെ വീട് സന്ദർശിച്ചതിലും അവർ തൃപ്തരല്ല. കെ.പി ശശികലയുടെ അറസ്റ്റിന് പിന്നാലെ അർദ്ധരാത്രി തന്നെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തെരുവിലിറങ്ങിയതുപോലെ സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധം ഉണ്ടായില്ലെന്നാണ് വിമർശനം. കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷിനെ മുരളീധര പക്ഷം സ്ഥിതിഗതികൾ ധരിപ്പിച്ചു കഴിഞ്ഞു. 

സുരേന്ദ്രനുമായി അകൽച്ചയിലുള്ള ആർഎസ്എസ്സും കാര്യമായി പ്രതിഷേധ രംഗത്തില്ല. മുരളീധരപക്ഷത്തിന്റെ പരാതിക്കപ്പുറം ശബരിമല പ്രശ്നത്തിൽ പാർട്ടിയുടെ സമരത്തിന്റെ ശക്തിയും സുരേന്ദ്രന്റെ അറസ്റ്റോടെ കുറഞ്ഞെന്ന വിലയിരുത്തലും പാർട്ടിയിലുണ്ട്. നിരോധാനാജ്ഞ ലംഘിച്ച് കൂട്ട അറസ്റ്റ് പ്രഖ്യാപിച്ചെങ്കിലും ഏതൊക്കെ മുതിർന്ന നേതാക്കൾ ഇനി ശബരിമലക്ക് പോകണമെന്നതിൽ ആശയക്കുഴപ്പമാണ്. കേസും വാറണ്ടും ഉള്ള് നേതാക്കളും ആശങ്കയിൽ തന്നെ. ചിലർ കേസുകൾ തീർപ്പാക്കാനുള്ള നടപടി തുടങ്ങി. ദേശീയ നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പ് രംഗത്താണ്. ഇതിനിടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് എ.കെ ആന്റണി കളത്തിലിറങ്ങിയതോടെ കോൺഗ്രസ് ആലസ്യം വെടിഞ്ഞെന്നും ബിജെപി കരുതുന്നു. നിയമസഭാ സമ്മേളനം കൂടി തുടങ്ങുന്നതോടെ സിപിഎം-ബിജെപി നേർക്കുനേർ പോര് കോൺഗ്രസ്-സിപിഎം എന്ന നിലയിലേക്ക് കൂടുതൽ മാറുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.

click me!