പ്രിയനന്ദനനെ മർദിച്ച് തലയില്‍ ചാണകമൊഴിച്ചത് ആർഎസ്എസുകാരൻ; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jan 25, 2019, 12:18 PM IST
Highlights

സംവിധായകൻ പ്രിയനന്ദനനെ ആക്രമിച്ച് തലയിൽ ചാണകം കലക്കിയൊഴിച്ച സംഭവത്തിലെ പ്രതി ആർഎസ്എസുകാരനാണെന്ന് പൊലീസ്. അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.

തൃശ്ശൂർ: ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് സംവിധായകന് നേരെ ആക്രമണം ഉണ്ടായത്. ചാണകം കലക്കിയെ വെള്ളം അക്രമികൾ തലയിലൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. 

രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രാവിലെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് പ്രിയനന്ദനന് നേരെ ആക്രണണം ഉണ്ടായത്. 'അയ്യപ്പനെ കുറിച്ച് പറയാൻ നീയാരെടാ' എന്ന് ചോദിച്ച് മർദ്ദിച്ചെന്നാണ് സംവിധായകൻ പറയുന്നത്. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകനായ  സരോവർ എന്നയാളാണ് അക്രമം നടത്തിയതെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറയന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

അക്രമത്തിരിനിരയായ സംവിധായകൻ പ്രിയനന്ദൻ ചേർപ്പിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംവിധായകന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഒരു ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം
 

click me!