കെപിസിസി പുന:സംഘടന: ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

By Web TeamFirst Published Jan 9, 2019, 12:01 PM IST
Highlights

ജംബോകമ്മിറ്റികള്‍ വേണ്ടെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്, ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനാവാതെ എ-ഐ ഗ്രൂപ്പുകള്‍ 

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കെപിസിസി പുനസംഘടന പൂര്‍ത്തിയാക്കാന്‍ ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ദില്ലിയില്‍ ചര്‍ച്ചകളില്‍ പങ്കു ചേരുന്നത്.

ഇന്ന് രാവിലെ മൂവരും തമ്മില്‍ പുനസംഘടന സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് കേരളത്തിന്‍റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച്ച നടത്തി. ശേഷം കേരളഹൗസില്‍ തിരിച്ചെത്തിയ മൂവരും വീണ്ടും ഒന്നിച്ചിരുന്ന് ചര്‍ച്ചകള്‍ നടത്തുകയാണ്. 

ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണം.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ പൂര്‍ണമായ അഴിച്ചു പണി വിപരീതഫലം ചെയ്യുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്.  തല്‍കാലം കെപിസിസി അധ്യക്ഷന് കൂടി താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി പുനസംഘടന പൂര്‍ത്തിയാക്കാമെന്ന് അവര്‍ നിര്‍ദേശിക്കുന്നു. 

പുനസംഘടനയെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഡിസിസി അധ്യക്ഷന്‍മാരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിക്കാന്‍ നേരത്തെ ധാരണയായിരുന്നു. പ്രവര്‍ത്തന മികവ് ഇല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യും. വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍ ഉള്ളതിനാല്‍ വൈസ് പ്രസിഡന്‍റ് പദവി ഇനിയുണ്ടാവില്ല. ജംബോ കമ്മിറ്റികള്‍ വേണ്ടെന്ന വികാരം നേതൃത്വത്തിലുണ്ടെങ്കിലും ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്ക്  ആശങ്കയുണ്ട്. 

click me!