അനധികൃത സ്വത്ത്: ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണം

By Web DeskFirst Published Mar 18, 2017, 1:37 PM IST
Highlights

തൊടുപുഴ: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഐ ജി മനോജ് എബ്രഹാമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മനോജ് എബ്രഹാമിന് 61 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടെന്ന പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരുടെ പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇതേ പരാതിയില്‍  തൃശ്ശൂര്‍ വിജിലന്‍സ് കോടതി ദ്രുത പരിശോധനക്ക് ഉത്തരവിട്ടിരുന്നുവെങ്കിലും  കഴമ്പില്ലെന്നു കാട്ടി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചത്. മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഐജി മനോജ് എബ്രഹാം പ്രതികരിച്ചു. പരാതിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഐ ജി പറഞ്ഞു.

തന്റെ സ്വത്തുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ വിജിലന്‍സ് തനിക്ക് അനധികൃത സ്വത്തില്ലെന്ന് റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നിട്ടും ഇത്തരമൊരു വിധിയുണ്ടായത് അസ്വാഭാവികമാണ്. വരുമാനത്തില്‍ കാണിച്ചിട്ടുള്ള 90 ലക്ഷം രൂപ എറണാകുളത്തെ ഭൂമി വിറ്റ് ലഭിച്ചതാണ്. ഈ തുക വീടുനിര്‍മ്മാണത്തിന് ഉപയോഗിച്ചതായി വിജിലന്‍സും കണ്ടെത്തിയിട്ടുണ്ട്.

ഭൂമിവിറ്റു കിട്ടിയ പണം ഒഴിവാക്കി നിര്‍ത്തിയാണ് തനിക്ക് 65 ലക്ഷം രൂപയുടെ അനധികൃത സ്വത്തുണ്ടെന്ന നിഗമനത്തിലേക്ക് കോടതി എത്തിയത്. ഇക്കാര്യം ഹൈക്കോടതിയില്‍ ചൂണ്ടികാട്ടുമെന്നും ഐജി വ്യക്തമാക്കി.

click me!