
ആലുവ: ജഡ്ജിയുടെ കാര്‍ ഉരസിയത് ചോദ്യം ചെയ്തതിന് കൈക്കുഞ്ഞും വൃക്കരോഗിയും അടങ്ങുന്ന ആറംഗ കുടുംബത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി തടഞ്ഞു വച്ചത് ആറ്മണിക്കൂറിലേറെ സമയം. ഒടുവില്‍ പെറ്റികേസ് പോലും ഇല്ലാതെ കുടുംബത്തെ വിട്ടയച്ചു. തൃശൂര്‍, എറണാകുളം ജില്ലകളിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായാണ് വടക്കഞ്ചേരി സ്വദേശിയെയും ആറംഗ കുടുംബത്തെയും തടഞ്ഞുവച്ചത്. ജഡ്ജിയുടെ നിര്‍ദേശപ്രകാരം ആയിരുന്നു തടഞ്ഞുവയ്ക്കല്‍.
കുടുംബം സഞ്ചരിക്കുന്ന വാഹനം പെറ്റിക്കേസില്‍ പെട്ടാലും തടഞ്ഞുവയ്ക്കരുതെന്നും, ഡ്രൈവറുടെ നിയമലംഘനത്തിന് സ്ത്രീകളേയും കുട്ടികളേയും സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്നും ഡിജിപിയുടെ നിര്‍ദേശം ഉള്ളപ്പോഴാണ് ഒരു കുടുംബത്തെ ആറ് മണിക്കൂറുകളോളം പൊലീസുകാര്‍ വലച്ചത്.
ഇന്നലെ രാവിലെയാണ് വടക്കഞ്ചേരി സ്വദേശി നിഥിനും, രണ്ടുവയസുകാരി മകളും, വൃക്കരോഗിയായ അച്ഛനും അടങ്ങുന്ന ആറംഗ കുടുംബം എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ദേശീയപാതയില്‍ കൊരട്ടിക്ക് അടുത്തുവച്ച് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്ത കാര്‍, നിഥിനും കുടുംബവും യാത്ര ചെയ്ത കാറില്‍ ഉരസുകയും നിര്‍ത്താതെ പോകുകയും ആയിരുന്നു. കെ എല്‍ 07, CH 8485 എന്ന കാറില്‍ ജില്ലാ ജഡ്ജി എന്ന ബോര്‍ഡ് ഉണ്ടായിരുന്നു. അടുത്ത സിഗ്‌നലില്‍ വച്ച്, കാര്‍ ഉരസിയിട്ട് നിര്‍ത്താതെ പോയതെന്തെന്ന നിഥിന്റെ ഒരു ചോദ്യമാണ് ആറ് മണിക്കൂറിലേറെ നേരം മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി ഇവരെ പിടിച്ചുവയ്ക്കാന്‍ ഇടയാക്കിയത്.
ജഡ്ജി പിന്‍സീറ്റില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഹൈവേ പൊലീസ് വന്നിട്ട് പ്രശ്നം പരിഹരിക്കാം എന്ന് താന്‍ പറഞ്ഞെങ്കിലും, നീ പൊലീസിനേയോ, പട്ടാളത്തേയോ വിളിക്ക് എന്ന് പറഞ്ഞ് ജഡ്ജിയുടെ ഡ്രൈവര്‍ കാറെടുത്ത് പോവുകയായിരുന്നുവെന്ന് നിധിന്‍ പറഞ്ഞു. എന്നാല്‍ പതിനൊന്നരയോടെ തോട്ടയ്ക്കാട്ടുകരയില്‍ വെച്ച് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ആലുവ ട്രാഫിക് പൊലീസ് പിടികൂടി.
തുടര്‍ന്ന് കുടുംബാംഗങ്ങളേയും കൂട്ടി കാര്‍ ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെ നിന്നും പന്ത്രണ്ടരയോടെ ചാലക്കുടി പൊലീസ് സ്റ്റേഷനിലേക്ക് കുടുംബത്തെ അയച്ചു. ഇവിടെ മണിക്കൂറുകളോളം നിന്നു കഴിഞ്ഞപ്പോള്‍ കൊരട്ടി സ്റ്റേഷനിലേക്ക് പോകുവാനായി അടുത്ത നിര്‍ദേശം. എന്നാല്‍ ചെയ്ത കുറ്റം എന്താണെന്ന് ചോദിച്ചപ്പോള്‍ മൂന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ക്കും പറയാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. ഒടുവില്‍ ആറ് മണിയോടെ ഒരു കേസും ചാര്‍ജ് ചെയ്യാതെയാണ് കുടുംബത്തെ പൊലീസ് സ്റ്റേനില്‍ നിന്ന് പറഞ്ഞു വിട്ടത്.
ഭക്ഷണവും വെള്ളവും ഇല്ലാതെ ഓരോ പൊലീസ് സ്റ്റേഷനുകളിലേക്ക് ചെറിയ കുഞ്ഞിനെയും രോഗിയായ പിതാവിനെയും കൊണ്ട് ആറ് മണിക്കൂറിലേ കയറിയിറങ്ങിയതിലൂടെ ഇവര്‍ക്കുണ്ടായ ബുദ്ധിമുട്ട് ചെറുതല്ല. വാഹനം ഇടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതിനാല്‍ ആണ് കാറും അതില്‍ ഉള്ളവരെയും പിടികൂടാന്‍ നിര്‍ദേശം നല്‍കിയതെന്നും, വിളിച്ചു പറഞ്ഞത് ജഡ്ജി ആണെന്നും ഏത് ജഡ്ജി ആണെന്ന് അറിയില്ലെന്നമാണ് എറണാകുളം റൂറല്‍ എസ്.പി നല്‍കുന്ന വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam