വ്യാജ വിസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പണം തട്ടി

By Web TeamFirst Published Oct 21, 2018, 11:27 PM IST
Highlights

വാഗ്ദാനം വിശ്വസിച്ച് പിറവം സ്വദേശിയായ ഡോക്ടറുടെ അച്ഛൻ പല ഘട്ടങ്ങളായി പതിനൊന്നര ലക്ഷം രൂപയാണ് ഇവർക്ക് കൈമാറിയത്

പിറവം: വ്യാജ വിസ നൽകി വനിതാ ഡോക്ടറിൽ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പൊലീസ് പിടിയിൽ. വിദേശികൾ ഉൾപ്പെട്ടസംഘമാണ് ഫ്രഞ്ച് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. നൗകറി ഡോട്ട് കോം എന്ന തൊഴിൽ വെബ് സൈറ്റിൽ പരസ്യം നൽകിയായിരുന്നു ഇവരുടെ തട്ടിപ്പ്.

ഘാന സ്വദേശി ഇലോൽ ഡെറിക്,കർണാടക സ്വദേശി ‍ജ്ഞാവ ശേഖർ,ആന്ധ്ര സ്വദേശികളായ പ്രകാശ് രാജ്,ഹരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെബ്സൈറ്റിൽ പരസ്യം കണ്ട് ഇവരെ സമീപിച്ച മുംബൈ സ്വദേശിയായ ഡോക്ടറെയാണ് ഫ്രഞ്ച് വിസ വാഗ്ദാനം നൽകി കബളിപ്പിച്ചത്.

ഫ്രാൻസിലെ ഹോളി അസിം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാഗ്ദാനം വിശ്വസിച്ച് പിറവം സ്വദേശിയായ ഡോക്ടറുടെ അച്ഛൻ പല ഘട്ടങ്ങളായി പതിനൊന്നര ലക്ഷം രൂപയാണ് ഇവർക്ക് കൈമാറിയത്. ആദ്യഘട്ടത്തിൽ വിശ്വാസം നേടാൻ വ്യാജ ഫ്രഞ്ച് വിസയും, എംബസിയിലേക്കുള്ള ഗേറ്റ് പാസും നൽകി.

ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരെ ഉപയോഗിച്ച് ആശുപത്രിയിലെ ജീവനക്കാരെന്ന രീതിയിൽ ഫോണിലും പല തവണയായി ബന്ധപ്പെട്ടു. എംബസിയിൽ എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞത്. പിറവം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചാണ് പ്രതികളെ ബെംഗളൂരുവിൽ നിന്ന് പിടിച്ചത്.

ഇവരിൽ നിന്ന് മൂന്ന് ലാപ്ടോപ്പുകൾ, ഒമ്പത് മൊബൈൽ ഫോണുകൾ, 26 എടിഎം കാർഡുകൾ, പത്ത് ചെക്ക് ബുക്കുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. സംഘത്തെ കേന്ദ്രീകരിച്ച് കൂടുതൽ പരാതികൾ വരാൻ സാധ്യതയുള്ളതിനാൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകി. 

click me!