
മോസ്കോ: റഷ്യയിൽ സഹപാഠിയെ കൊന്ന് രക്തം കുടിച്ച വ്യാജ ഡോക്ടർ അറസ്റ്റിൽ. ബോറിസ് കൊൺട്രാഷിൻ (37) എന്നയാളാണ് പിടിയിലായത്. റഷ്യയിലെ തന്നെ ചെല്ല്യാബിൻസ്കിലെ ഉറാൽസ് നഗരത്തിൽ വർഷങ്ങളായി മനഃശാസ്ത്രജ്ഞനായി ജോലിചെയ്തു വരുകയായിരുന്നു ബോറിസെന്ന് പൊലീസ് പറഞ്ഞു.
വ്യാജരേഖകൾ കാണിച്ചാണ് ജോലി നേടിയതെന്ന ആരോപണത്തെ തുടർന്നാണ് ബോറിസിനെതിരെ പൊലീസ് കേസെടുത്തത്. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ അരുംകൊലയുടെ ചുരുളഴിയുകയായിരുന്നു. 1998 ൽ ഹൈസ്കൂൾ സഹപാഠിയെയാണ് ബോറിസ് കൊലപ്പെടുത്തിയതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ സുഹൃത്തിനെ മയക്കുമരുന്ന് കുത്തിവെച്ച് മയക്കി കിടത്തി. ശേഷം കൊലപ്പെടുത്തുകയും ശരീരം മുറിച്ച് രക്തം കുടിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. രക്തദാഹിയായ മനുഷ്യൻ എന്നാണു ബോറിസ് കൊൺട്രാഷിനെ പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ജനുവരിയിലാണ് ഇയാളുടെ തട്ടിപ്പ് പിടിക്കപ്പെടുന്നത്. ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം, നേരത്തേ ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്നാണ് ഇയാളുടെ ചരിത്രം ആശുപത്രി അധികൃതർ വിശദമായി പരിശോധിച്ചത്. ഇതിൽ നിന്നും രേഖകൾ വ്യാജമായുണ്ടാക്കിയാണു ഇയാൾ ജോലിയിൽ പ്രവേശിച്ചതെന്നും അധികൃതർ കണ്ടെത്തി.
അന്വേഷണത്തിനൊടുവിൽ 2000 ആഗസ്റ്റ് മുതൽ നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. ഇയാളെ ചികിത്സക്കൊപ്പം 10 വർഷത്തെ തടവുശിക്ഷയ്ക്കാണ് റഷ്യൻ കോടതി വിധിച്ചിരിക്കുന്നത്. ബോറിസിന്റെ സഹോദരി ഡോക്ടറാണെന്നും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമാണ് മകനുള്ളതെന്നും അമ്മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam