ചെറിയ ശസ്ത്രക്രിയയ്ക്ക് പോലും മുസ്ലിങ്ങളോട് താടി വടിക്കാൻ ആവശ്യപ്പെടുന്നു; പരാതിയുമായി സമാജ്‍വാദി നേതാവ്

By Web TeamFirst Published Jan 5, 2019, 3:49 PM IST
Highlights

മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബി എം സി) കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടർ‌മാരാണ് ചെറിയ ശസ്ത്രക്രിയയ്ക്ക് പോലും മുസ്ലിം രോ​ഗികളെ നിർബന്ധിച്ച് താടി വടിപ്പിക്കുന്നത്. 

മുംബൈ: ചെറിയ ശസ്ത്രക്രിയയ്ക്ക് പോലും മുസ്ലിങ്ങളോട് ഡോക്ടർമാർ താടി വടിക്കാൻ ആവശ്യപ്പെടുന്നതായി പരാതി. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബി എം സി) കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടർ‌മാരാണ് ചെറിയ ശസ്ത്രക്രിയയ്ക്ക് പോലും മുസ്ലിം രോ​ഗികളെ നിർബന്ധിച്ച് താടി വടിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് മുംബൈ കോർപ്പറേഷനിലെ സമാജ്‍വാദി പാർട്ടി നേതാവായ റയിസ് ഷെയ്ഖ് ആണ് ബി എം സി കമ്മീഷണർ അജോയ് മെഹ്തയ്ക്ക് പരാതി നൽകിയത്.     
 
വിശ്വാസത്തിൻറെ ഭാഗമായാണ് താടി നീട്ടി വളർത്തുന്നത്. ചെറിയ ശസ്ത്രക്രിയയ്ക്ക് പോലും താടി വടിക്കാൻ ഡോകടർമാർ ആവശ്യപ്പെടുന്നെന്ന് കാണിച്ച് മുസ്ലിം സഹോദരങ്ങളിൽനിന്ന് നിരവധി പരാതികളിൽ‌ ലഭിച്ചിട്ടുണ്ടെന്ന് റയിസ് ഷെയ്ഖ് പരാതിയിൽ ആരോപിക്കുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അതിനാലാണ് ഇതുസംബന്ധിച്ച് ബി എം സി കമ്മീഷണർ അജോയ് മെഹ്തയ്ക്ക് എഴുതിയതെന്നും റയിസ് പറഞ്ഞു. അത്യാവശ്യമെങ്കിൽ മാത്രം രോ​ഗികളോട് താടി വടിക്കാൻ പറയാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകാനാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റയിസ് കൂട്ടിച്ചേർത്തു. 

ബി എം സിയുടെ ആരോഗ്യവകുപ്പ് പരാതി ​ഗൗരവതരമായി എടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഡോക്ടർമാർ ആവർത്തിക്കാതിരിക്കാൻ ബി എം സി ഒരു നയം രൂപീകരിച്ചതായും റയിസ് പറഞ്ഞു.  എന്നാൽ ഇതുസംബന്ധിച്ചുള്ള ഔദ്യോദിക സ്ഥിതീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബി എം സിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർബന്ധിത സൂര്യ നമസ്കാരം നിർത്തലാക്കാൻ മുൻകൈയ്യെടുത്ത നേതാക്കളിൽ ഒരാളാണ് റയിസ് ഷെയ്ഖ്.                       

click me!