രോഗി മാറി പോയി; ഗുരുതരമായ പിഴവ് തിരിച്ചറിഞ്ഞത് തലച്ചോറ്‍ ശസ്ത്രക്രിയ പാതി പിന്നിട്ടപ്പോള്‍

By Web DeskFirst Published Mar 3, 2018, 9:36 AM IST
Highlights
  • രോഗിമാറി തലച്ചോര്‍ ശസ്ത്രക്രിയ നടത്തി
  • അബദ്ധം മനസിലായത്, തലച്ചോര്‍ ശസ്ത്രക്രിയ പാതി പിന്നിട്ടപ്പോള്‍

നെയ്‌റോബി: കെനിയയിലെ പ്രശസ്ത ആശുപത്രിയായ കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലില്‍ ഗുരുതര ചികിത്സ പിഴവ്. തലച്ചോറിന്‍റെ ശസ്ത്രക്രിയ പാതി പിന്നിട്ടപ്പോഴാണ് രോഗി മാറി പോയതെന്ന് ഗുരുതരമായ പിഴവ് ന്യൂറോസർജന്‍ അടക്കമുള്ള മെഡിക്കൽ സംഘത്തിന് മനസിലായത്. 

ശസ്ത്രക്രിയ ചെയ്യേണ്ട രോഗിക്കു പകരം അബദ്ധത്തില്‍ മറ്റൊരു രോഗിയുടെ തലയിലായിരുന്നു ഡോക്ടര്‍മാര്‍ കത്തി വെച്ചത്. കഴിഞ്ഞയാഴ്ച ചികിത്സക്കായി ആശുപത്രിയിലെത്തിയ രണ്ടു രോഗികളെയാണ് ഡോക്ടര്‍ക്ക് മാറി പോയത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച രോഗിക്കാണ് ശസ്ത്രക്രിയ വേണ്ടിയിരുന്നത്. എന്നാല്‍ തലയിലെ വീക്കത്തിന് ചികിത്സക്കെത്തിയ രോഗിയിലാണ് സര്‍ജറി നടത്തിയത്.

മണിക്കൂറുകള്‍ നീണ്ട ശസ്ത്രിക്രിയ പുരോഗമിക്കുന്നതിനിടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടില്ലെന്ന് ഡോക്ടര്‍ക്ക് ബോധ്യമായതെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ കെനിയന്‍ പത്രം ഡെയ്‌ലി നേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ശസ്ത്രക്രിയയ്ക്ക് രോഗിയെ തയ്യാറാക്കിയ നഴ്സുമാർ തിരിച്ചറിയല്‍ ടാഗുകൾ മാറിയ പോയതാണെന്നും അവരാണ് വലിയ അബദ്ധത്തിന് ഉത്തരവാദികളെന്നും ആസ്പത്രിയിലെ സഹ പ്രവർത്തകർ ആരോപിക്കുന്നത്. സംഭവം സോഷ്യല്‍ മീഡിയില്‍ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയതോടെ ഡോക്ടറേയും നഴ്‌സുമാരേയും മറ്റു ഉദ്യോഗസ്ഥരേയും പുറത്താക്കി.

നവജാത ശിശു മോഷണം പോയതിനെ ചൊല്ലിയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്തതിനെ ചൊല്ലിയും വിവാദച്ചുഴിയിലകപ്പെട്ട ആശുപത്രിയിലാണ് പുതിയ വിവാദം ഉണ്ടായതെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  ശസ്ത്രക്രിയ ചെയ്ത ന്യൂറോസര്‍ജനെ കൂടാതെ രണ്ടു നഴ്‌സുമാരേയും ഒരു അനസ്‌തേഷ്യ വിദഗ്ധനേയും സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി സി.ഇ.ഒയെയും  പുറത്താക്കിയതായി ആരോഗ്യ മന്ത്രി സിസിലി കറിയുകി അറിയിച്ചു.

click me!