അവരെന്നെ നോക്കി ചിരിച്ചതല്ല, എന്റെ കൂടെ ചിരിച്ചതാണ്; 'ചമ്മല്‍' മാറ്റാന്‍ ട്രംപ്

By Web TeamFirst Published Sep 27, 2018, 10:30 AM IST
Highlights

'ഞങ്ങള്‍ വെറുതെ തമാശയ്ക്ക് ചിരിച്ചതാണ്. നല്ല ഒരു സെഷനായിരുന്നു അത്. എന്റെ സംസാരം എല്ലാവരെയും രസിപ്പിച്ചു. അവരാരും എന്നെ കളിയാക്കി ചിരിച്ചതല്ല, എന്റെ കൂടെ ചിരിച്ചതാണ്'
 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തിനിടെ താന്‍ നടത്തിയ പ്രസംഗം സദസ്സില്‍ ചിരി പടര്‍ത്തിയ സംഭവത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സദസ്സിലുള്ളവര്‍ തന്നെ കളിയാക്കി ചിരിച്ചതല്ല, തന്റെ കൂടെ ചിരിച്ചതാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. 

'ഞങ്ങള്‍ വെറുതെ തമാശയ്ക്ക് ചിരിച്ചതാണ്. നല്ല ഒരു സെഷനായിരുന്നു അത്. എന്റെ സംസാരം എല്ലാവരെയും രസിപ്പിച്ചു. അവരാരും എന്നെ കളിയാക്കി ചിരിച്ചതല്ല, എന്റെ കൂടെ ചിരിച്ചതാണ്'- ട്രംപ് വിശദീകരിച്ചു. 

യു.എന്‍ പൊതുസമ്മേളനത്തില്‍ ട്രംപിന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സദസ്സില്‍ കൂട്ടച്ചിരി പടര്‍ത്തിയിരുന്നു. സ്വന്തം ഭരണത്തെ കുറിച്ചായിരുന്നു ട്രംപിന്റെ പൊങ്ങച്ചം. തന്നെ, പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് ഭരണനേട്ടങ്ങള്‍ എണ്ണയെണ്ണി പറയുകയായിരുന്നു. 

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരു ഭരണമുണ്ടായിട്ടില്ലെന്ന് പറഞ്ഞതോടെ അത്രനേരവും ചെറിയ ചിരിയോടെയിരുന്ന സദസ്സില്‍ കൂട്ടച്ചിരി ഉയരുകയായിരുന്നു. പെടുന്നനെയുള്ള സദസ്സിന്റെ പ്രതികരണം ട്രംപിനെ ഞെട്ടിച്ചെങ്കിലും അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെയാണ് നാണക്കേട് മാറ്റാന്‍ വിശദീകരണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
 

click me!