
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിനുവേണ്ടി എഫ്ബിഐയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ആരോപണം ശരിയെങ്കിൽ ഇംപീച്ച്മെന്‍റാണ് പിന്നെയുള്ള വഴിയെന്ന് സ്വതന്ത്ര സെനറ്റർ ആംഗസ് കിംഗ് പറഞ്ഞു. റഷ്യക്ക് സുപ്രധാന വിവരങ്ങൾ ചോർത്തിനൽകി എന്ന ആരോപണം നേരിടുന്ന മൈക്കൽ ഫ്ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ ട്രംപ് നിർദ്ദേശം നൽകി എന്നാണ് പുതിയ വിവാദം.
അമേരിക്കൻ ഉപരോധങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ റഷ്യയുമായി പങ്കുവച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ പദവിയിൽ നിന്ന് മൈക്കൽ ഫ്ലൈൻ രാജി വച്ചത്. ട്രംപ് പ്രസിഡന്‍റായി സ്ഥാനമേൽക്കുന്നതിന് തൊട്ടുമുന്പായിരുന്നു റഷ്യൻ അംബാസിഡറുമായുള്ള ഫ്ലിനിന്‍റെ കൂടിക്കാഴ്ച. മുൻ എഫ്ബിഐ ഡയറ്ടർ ജെയിംസ് കോമിയോട് മൈക്കൽ ഫ്ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് നേരിട്ട് ആവശ്യപ്പെട്ടു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ ഈ വിവരം റിപ്പോർട്ട് ചെയ്തു. ട്രംപിന്‍റെ നിർദ്ദേശത്തെത്തുടർന്ന് ജെയിംസ് കോമി തയ്യാറാക്കിയ മെമ്മോ ഇതിന് തെളിവായി മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു. അതേസമയം ജനറൽ ഫ്ലിനോ മറ്റാർക്കെങ്കിലുമോ ഏതിരായ ഒരു അന്വേഷണവും അവസാനിപ്പിക്കാൻ പ്രസിഡന്‍റ് ട്രംപ് ആർക്കും നിർദ്ദേശം നൽകിയിട്ടില്ല എന്നാണ് വൈറ്റ് ഹൗസിന്‍റെ വിശദീകരണം.
എന്നാൽ ആരോപണം ശരിയെങ്കിൽ ഇംപീച്ച്മെന്‍റാണ് പിന്നത്തെ വഴിയെന്ന് സ്വതന്ത്ര സെനറ്റർ ആംഗസ് കിംഗ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരുവിഭാഗവും ട്രംപിന്‍റെ ചെയ്തികളിൽ അസ്വസ്ഥരാണ്. പാർലമെന്‍റംഗങ്ങളുടെ പിഴവുകൾ സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കുന്ന ഉപസമിതിയുടെ ചെയർമാനും മുതിർന്ന റിപ്പബ്ലിക്കൻ അംഗവുമായ ജേസൺ ഷഫേറ്റ്സ് ട്രംപും ജെയിംസ് കോമിയും തമ്മിലുള്ള എല്ലാ ഔദ്യോഗിക എഴുത്ത് കത്തിടപാടുകളും ഈ മാസം 24ന് കമ്മിറ്റി മുന്‍പാകെ ഹാജരാക്കാൻ നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam