'ഇന്ത്യയെ കുറിച്ച് ചിലത് പറയാനുണ്ട്...'; ട്രംപിന്റെ യുഎന്‍ പ്രസംഗം

By Web TeamFirst Published Sep 26, 2018, 12:49 PM IST
Highlights

ഇന്ത്യയെ പറ്റി സംസാരിച്ചതിന് തൊട്ടുപിന്നാലെ ചൈനയെ ഇടിച്ചുതാഴ്ത്തിയും ട്രംപ് സംസാരിച്ചു. തന്റെ സുഹൃത്തായ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാല്‍ ചൈനയുടെ പെരുമാറ്റം അസഹനീയമാണെന്നും ട്രംപ് ആരോപിച്ചു 

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസംഘടനയുടെ അസംബ്ലിയില്‍ വച്ച് ഇന്ത്യയെ കുറിച്ച് പ്രസംഗിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകരാജ്യങ്ങളുടെ നേതാക്കള്‍ക്ക് മുന്നില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ഇന്ത്യയെ പ്രകീര്‍ത്തിച്ച് ട്രംപ് സംസാരിച്ചത്. 

കോടിക്കണക്കിന് ജനങ്ങളെ പട്ടിണിയില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നുവെന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 

'മനോഹരമായ ഒരു കൂട്ടായ്മയാണ് ഇന്ത്യയ്ക്കുളളത്. ഭാവിജീവിതത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് അവര്‍. കോടിക്കണക്കിന് ജനങ്ങളെയാണ് ദാരിദ്ര്യരേഖയില്‍ നിന്ന് മധ്യവര്‍ഗമെന്ന തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.'- ട്രംപ് പറഞ്ഞു. 

ഇന്ത്യയെ പ്രകീര്‍ത്തിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് ചൈനയെ ഇടിച്ചുതാഴ്ത്തിയും സംസാരിച്ചു. തന്റെ സുഹൃത്തായ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്നാല്‍ ചൈനയുമായുള്ള വ്യാപാരബന്ധം അത്ര നല്ല നിലയിലല്ല നീങ്ങുന്നതെന്നും ട്രംപ് പറഞ്ഞു. ചൈന വിപണിയുടെ ചാഞ്ചാട്ടവും അവരുടെ ഇടപെടലുകളും അസഹനീയമാണെന്നും ട്രംപ് ആരോപിച്ചു. 

കഴിഞ്ഞ യുഎന്‍ അസംബ്ലിയിൽ നോര്‍ത്ത് കൊറിയയ്‌ക്കെതിരെയായിരുന്നു ട്രംപിന്റെ ആക്രമണം. നോര്‍ത്ത് കൊറിയയെ 'ഒന്നാകെ നശിപ്പിച്ചുകളയും' എന്നായിരുന്നു അന്ന് ട്രംപ് ഉയര്‍ത്തിയ ഭീഷണി.
 

click me!