ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ഇന്ന് സ്ഥാനമേല്‍ക്കും

By Web DeskFirst Published Jan 20, 2017, 1:43 AM IST
Highlights

അമേരിക്കന്‍ ഭരണഘടന അനുസരിച്ചാണ് നാലുവര്‍ഷം കൂടുമ്പോള്‍ ജനുവരി 20ന്  പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. മാര്‍ച്ച് നാലിനായിരുന്ന ചടങ്ങ് 1933ലാണ് ഭരണഘടനഭേദഗതിയോടെ ജനുവരി നാലിലേക്ക് മാറ്റിയത്. ജനപ്രതിനിധിസഭയുടെ ആസ്ഥാനമായ കാപ്പിറ്റോള്‍ ഹില്ലിന്റെ പടവുകളിലാണ് ചടങ്ങ്. രാവിലെ വൈറ്റ്ഹൗസിനടുത്തെ സെന്റ് ജോണ്‍സ് പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം നിയുക്ത പ്രസിഡന്റും ഭാര്യയും പ്രസിഡന്റ് ഒബാമയും മിഷേലുമൊത്താണ് പ്രഭാതഭക്ഷണം കഴിക്കുക. കാപ്പിറ്റോള്‍ ഹില്ലിലേക്കുള്ള യാത്രയില്‍ രണ്ടുപേരും ട്രംപിനെ അനുഗമിക്കും. പ്രാദേശിക സമയം 9.30ക്ക് സംഗീതപരിപാടികളോടെ ഉദ്ഘാടനവേദി സജീവമാകും. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഉദ്ഘാടനചടങ്ങ് തുടങ്ങുക. ആദ്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലി‌കൊടുക്കും. പിന്നീട് ഡോണള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കും. അതുകഴിഞ്ഞ് ഉദ്ഘാടനപ്രസംഗം. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരും ഭാര്യമാര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും. നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ ചടങ്ങ് ബഹിഷികരിക്കുമെന്ന് പ്രഖ്യാപി്ചചിരിക്കയാണ്. മിന്നും താരങ്ങളാരും ട്രംപിന്റെ ക്ഷണം സ്വീകരിക്കാത്തത് തിരിച്ചടിയായിട്ടുണ്ട്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമയേയും കുടുംബത്തേയും യാത്ര അയക്കുന്ന ചടങ്ങാണ് പിന്നീട്. ഉച്ചക്കുശേഷം കാപ്പിറ്റോളില്‍നിന്ന് വൈറ്റ്ഹൗസിലേകകുള്ള പരേഡില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പങ്കെടുക്കും. ട്രംപിന് അഭിവാദ്യമര്‍പ്പിച്ച് അനുയായികള്‍ ഈ വഴിയിലാണ് അണിനിരക്കുക. പ്രതിഷേധങ്ങള്‍ക്കും അനുവാദം കിട്ടിയിട്ടുണ്ട്. രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധപ്രകടനമാണ് വനിതാസംഘടനകളുടെ ലക്ഷ്യം. ചില കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈകീട്ട് ഏഴു മണി മുതല്‍ 10 മണിവരെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഭാര്യമാര്‍ക്കൊപ്പം 3 ബാളുകളില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ വൈറ്റ്ഹൗസിലെ ആദ്യദിവസം ഇന്നാണ്. പ്രസിഡന്റ് ഒബാമയുടെ അവസാനദിവസവും.

click me!