പ്രസിഡന്റ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ഈ മാസം അവസാനം സൗദിയിലേക്ക്

By Web DeskFirst Published May 5, 2017, 6:59 PM IST
Highlights

അമേരിക്കന്‍ പ്രസിഡന്റായി  സ്ഥാനമേറ്റതിനു ശേഷമുള്ള ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം സൗദിയിലേക്ക്. ഈ മാസാവസാനം സൗദി സന്ദര്‍ശിക്കുന്ന ട്രംപ്‌ വിവിധ അറബ് രാഷ്‌ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഈ മാസാവസാനമാണ് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ആരംഭിക്കുന്നത്. ആദ്യം സൗദി സന്ദര്‍ശിക്കുന്ന ട്രംപ്‌ തുടര്‍ന്ന്‍ ഇസ്രായേല്‍, വത്തിക്കാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മെയ്‌ 26, 27 തിയ്യതികളില്‍ ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ, ജി-ഏഴ് ഉച്ചകോടികളിലും ട്രംപ്‌ പങ്കെടുക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ ഭീകരവാദം, അറബ് മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. ട്രംപുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി മറ്റു അറബ് രാജ്യങ്ങളിലെ പ്രതിനിധികളും സൗദിയിലെത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇറാന്‍, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ അറബ് രാജ്യങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തും. 

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പുതിയ വഴി തുറക്കാന്‍ തന്റെ വിദേശ സന്ദര്‍ശനം കാരണമാകുമെന്നാണ് പ്രതീക്ഷയെന്നു ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനത്തിന് മുന്നോടിയായി സൗദി രണ്ടാം കിരീടാവകാശി പ്രിന്‍സ് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ മാര്‍ച്ച്‌ മധ്യത്തില്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, ഐ.ടി തുടങ്ങിയ മേഖലകളില്‍ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധവും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളും ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക് ഒബാമ സൗദി സന്ദര്‍ശിച്ചിരുന്നു. ദീര്‍ഘകാലമായി അമേരിക്കയുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സെപ്റ്റംബര്‍ 11 ഭീകരാക്രമണവുമായി ബന്ധപ്പെട്ട ജാസ്റ്റ നിയമം വിവാദത്തിലിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ സൗദി സന്ദര്‍ശനം.

click me!