മൈസൂരു പാലസിന് മുന്നിൽ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് യുപി സ്വദേശിയടക്കം മൂന്ന് പേർ മരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചു.
മൈസൂരു: പാലസിന് മുന്നിൽ ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് യുപി സ്വദേശി മരിച്ച സംഭവത്തിൽ അന്വേഷണവുമായി എൻഐഎ. മരിച്ച യുപി സ്വദേശി സലീമിന്റെ സഹോദരനെയും കൂട്ടാളിയെയും ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് സ്ത്രീ കൂടി മരിച്ചതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്നലെ രാത്രി എട്ടരയോടെ മൈസൂരു പാലസിന്റെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി ആന്വേഷണം തുടങ്ങിയത്. മരിച്ച യുപി സ്വദേശി സലീമുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എൻഐഎ സംഘം സ്ഫോടനം നടന്ന ഗേറ്റിന് സമീപം എത്തി പരിശോധന നടത്തി. സലീം താമസിച്ചിരുന്ന ലോഡ്ജിലും എൻഐഎ സംഘം എത്തി. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സഹോദരനെയും സുഹൃത്തിനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി മൈസൂരുവിൽ ഉള്ള സംഘം എന്നും ഒന്നിച്ചാണ് ബലൂൺ വിൽപന നടത്താറുള്ളത്. ഇന്നലെ സലീം തനിച്ചാണ് വിൽപനയ്ക്കെത്തിയത്. മാത്രമല്ല, ഇന്നലെ മറ്റൊരിടത്ത് ബലൂൺ വിൽപന നടത്തിയിരുന്ന സലീം പാലസ് ഗേറ്റിന് സമീപം എത്തി മിനിറ്റുകൾക്കകമാണ് സ്ഫോടനം നടന്നത്. ഈ രണ്ടു കാര്യങ്ങളിലും അസ്വഭാവികത ഉണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം എൻഐഎ അന്വേഷണം സ്വഭാവിക നടപടി മാത്രമാണെന്നും നടന്നത് അപകടമാണെന്നും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി,മഹാദേവപ്പ പ്രതികരിച്ചു. അപകടത്തിൽ ഇന്നലെ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ നസർബാദ് പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സലീമിനെ പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്


