രഹസ്യം സൂക്ഷിച്ച് മോദി: മന്ത്രിമാരെ ഒന്നര മണിക്കൂർ കാബിനറ്റ് റൂമിലിരുത്തി

By Web DeskFirst Published Nov 10, 2016, 12:44 PM IST
Highlights

എട്ടാംതിയതി കേന്ദ്ര മന്ത്രിസഭ യോഗം ചേരും എന്ന അറിയിപ്പിനൊപ്പം ഇന്ത്യ-ജപ്പാൻ കരാറിന്‍റെ അംഗീകാരം മാത്രമാണ് അജണ്ടയായി കേന്ദ്ര മന്ത്രിമാരെ കാബിനറ്റ് സെക്രട്ടറിയേറ്റ് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രിസഭ യോഗത്തിന് എത്തിയ എല്ലാവരും അജണ്ടക്ക് പുറത്തുള്ള വിഷയംകണ്ട് ഞെട്ടി. ധനമന്ത്രി അരുണ്‍് ജയ്റ്റ്ലി നോട്ടുകൾ പിൻവലിക്കുന്നതിനുള്ള കാരണം ഹൃസ്വമായി വിശദീകരിച്ച ശേഷം പ്രധാനമന്ത്രിയും മന്ത്രിമാരോട് ഇത് എങ്ങനെ ഗുണകരമാകുമെന്ന് സംസാരിച്ചു. 

വലിയ ചര്‍ച്ചയില്ലാതെ മന്ത്രിസഭ ഇത് അംഗീകരിച്ചു. റിസര്‍വ്വ് ബാങ്ക് ബോര്‍ഡ് യോഗം ഔപചാരികമായി ദില്ലിയിൽ തന്നെ ചേര്‍ന്നു. മന്ത്രിസഭ 7 മണിക്ക് മന്ത്രിസഭ കഴിഞ്ഞ ഉടൻ പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാൻ തിരിച്ചു. ഈസമയത്ത് മന്ത്രിമാര്‍ ആരും കാബിനറ്റ് റൂമിൽ നിന്ന് പുറത്തുപോകരുത് എന്ന നിര്‍ദ്ദേശവും നൽകി. 

ആരുടേയും കയ്യിൽ മൊബൈൽ ഫോണ്‍ ഇല്ലെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു. മൂന്നാഴ്ച മുമ്പ് തന്നെ മന്ത്രിമാര്‍ കാബിനറ്റിലേക്ക് മൊബൈൽ കൊണ്ടുവരരുത് എന്ന സര്‍ക്കുലർ ഇറക്കിയത് ഇതുകൂടി ലക്ഷ്യംവെച്ചായിരുന്നു. പ്രധാനമന്ത്രി രാഷ്ട്രപതിയെ കണ്ട് തിരിച്ചെത്തി രാഷ്ട്രത്തോടുള്ള അഭിസംബോധന തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാനായത്. ബി.ജെ.പി മന്ത്രിമാരിൽ നിന്ന് രഹസ്യം ചോരില്ലെങ്കിലും സഖ്യകക്ഷി നേതാക്കളിൽ ചിലർ മന്ത്രിസഭ കഴിഞ്ഞ ഉടൻ വിവിരം മാധ്യമങ്ങൾക്ക് നൽകുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ കണ്ടെത്തൽ. 

ബി.ജെ.പിയിൽ നരേന്ദ്ര മോദിയെ കൂടാതെ അരുണ്‍ ജയ്റ്റ്ലി, അമിത്ഷാ എന്നിവര്‍ക്കും, ധനകാര്യമന്ത്രാലയത്തിലെയും റിസര്‍വ്വ് ഓഫ് ഇന്ത്യയിലെയും ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥർക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനും മുൻകൂട്ടി വിവരം കിട്ടിയിരുന്നു. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് സേന മേധാവികളെയും പ്രധാനമന്ത്രി വിശ്വാസത്തിലെടുത്തു.

click me!