
ദില്ലി: സർവ്വീസിൽ തിരിച്ചെടുക്കാൻ ഉത്തര്‍പ്രദേശ് സർക്കാർ തയ്യാറായില്ലെങ്കിൽ കുട്ടികൾക്ക് സൗജന്യ ചികിത്സലഭ്യമാക്കുന്ന ആശുപത്രി ഗൊരഖ്പൂരിൽ തുടങ്ങുമെന്ന് ഡോ.കഫീൽ ഖാൻ. ആശുപത്രിയില്‍ ഓക്സിജൻ വിതരണം നിലയ്ക്കുമെന്ന കാര്യം 19 തവണ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും കഫീൽ ഖാൻ ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് വരുത്തിയെന്നാരോപിച്ച് യു.പി പൊലീസ് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ദന്‍ ഡോ. കഫീൽ ഖാൻ നിയമപോരാട്ടത്തിലാണ്. എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയ കഫീൽ ഖാൻ കുറ്റക്കാരുടെ പട്ടിക നിരത്തി. കുടിശ്ശിക തന്നില്ലെങ്കിൽ ഓക്സിജൻ വിതരണം മുടങ്ങുമെന്ന് ഓക്സിജൻ വിതരണ കമ്പനി ബന്ധപ്പെട്ട അധികാരികൾക്ക് 19 തവണയെങ്കിലും കത്തയച്ചു. എന്നിട്ടും ഒരു നടപടിയുമെടുക്കാത്തവരാണ് കുറ്റക്കാര്‍.
പലസ്ഥലങ്ങളിൽ നിന്നുള്ളവർ തന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ഞാൻ ഗൊരഖ്പൂരിൽ തന്നെ ഉണ്ടാകും. എന്നെ സർവ്വീസിൽ തിരിച്ചെടുത്തില്ലെങ്കിൽ ഗൊരഖ്പൂരിൽ തന്നെ കുട്ടികൾക്കായി അഞ്ഞൂറ് കിടക്കയുള്ള ആശുപത്രി തുടങ്ങും. പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകും. ഡോക്ടർമാരുടെ കുറവോ മരുന്നിന്റെ കുറവോ ആ ആശുപത്രിയിൽ ഉണ്ടാകില്ല. കേരളത്തിൽ നിന്നടക്കം തനിക്ക് പിന്തുണയുണ്ടെന്നും കഫീൽ ഖാൻ പറഞ്ഞു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളും കാണാനെത്തി. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും സഹപ്രവർത്തകരുടെ നിർദ്ദേശം കേട്ട് ഒളിവിൽ പോയതാണ് അബന്ധമായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നെ ഒരു പാഠം പഠിപ്പിച്ചു. സത്യം വിളിച്ചു പറയാതെ ജീവിതത്തിൽ നിന്ന് ഒളിച്ചോടരുതെന്ന പാഠം - അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam