
മോസ്കോ: ചാമ്പ്യന്മാരായ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഈ വര്‍ഷവും ജര്‍മനിക്ക് വേണ്ടി മെസ്യൂട്ട് ഓസിലിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന് സഹതാരം യൂലിയന്‍ ഡ്രാക്സിലര്‍. ആഴ്സണലില്‍ നിറം മങ്ങിയ സീസണായിരുന്നു ഓസിലിന്‍റേത്. മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ മെനയാന്‍ ജര്‍മന്‍ താരം പരാജയപ്പെട്ടതോടെ അഴ്സണലിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ സാധിച്ചില്ല. ദേശീയ ടീമിനായി 90 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഓസിലിന് ഇത്തവണ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുമോയെന്ന് സംശയമാണ്.
പക്ഷേ, ജര്‍മന്‍ മിഡ്‍ഫീല്‍ഡിലെ ഏറ്റവും പ്രതിഭാശാലിയായി കളിക്കാരനാണ് ഓസിലെന്നാണ് ഡ്രാക്സലറിന്‍റെ അഭിപ്രായം. അദ്ദേഹത്തിന്‍റെ ശരീരഭാഷയെപ്പറ്റി രണ്ട് വര്‍ഷമായി സംശയമുന്നയിക്കുന്നവരുണ്ട്. പക്ഷേ, പകരംവെയ്ക്കാനില്ലാത്ത താരമാണ് ഓസില്‍. അദ്ദേഹത്തിന്‍റെ സാങ്കേതികപരമായ കഴിവുകള്‍ ശ്രദ്ധേയമാണ്. മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള കഴിവും വളരെയേറെയാണ്. ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ജര്‍മനിക്ക് എതിരാളികള്‍ മെക്സിക്കോയാണ്. ഇതുവരെ ജര്‍മനിയെ തോല്‍പ്പിക്കാന്‍ സാധിക്കാത്ത ടീമാണ് മെക്സിക്കോ.
അതുകൊണ്ട് വിജയം തുടര്‍ന്ന് പോകാന്‍ ടീമിന് സാധിക്കുമെന്നും ഡ്രാക്സിലര്‍ പറഞ്ഞു. അതേസമയം, ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പ് ജര്‍മന്‍ സംഘം പ്രതിസന്ധിയിലാണ്. മെസ്യൂട്ട് ഓസില്‍, ഇല്‍ഖായ് ഗുന്ദ്വാൻ എന്നിവരെ ടീമില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ് പരിശീലകന്‍ യോവാക്കിം ലോയെ ആശങ്കഴിലാഴ്ത്തുന്നത്. തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗനെ സന്ദര്‍ശിച്ചതിനാണ് ഓസിലിനെയും ഗുന്ദ്വാനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ലണ്ടനില്‍വെച്ചായിരുന്നു സന്ദര്‍ശനം. ജര്‍മനിയില്‍ ജനിച്ച ഓസിലും ഗുന്ദ്വാനും തുര്‍ക്കി വംശജരാണ്. താരങ്ങള്‍ രാജ്യസ്നേഹികളല്ലെന്ന ആരോപണവുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam