വാദിദൈഖ അണക്കെട്ടിലെ കുടിവെള്ളപദ്ധതി; 2019ൽ തുടങ്ങുമെന്ന് ഒമാൻ

By Web DeskFirst Published Jul 29, 2016, 7:41 PM IST
Highlights

മസ്കറ്റ്: ഒമാനില്‍ ഖുറിയാത്തിലെ വാദിദൈഖ അണക്കെട്ടില്‍നിന്നുള്ള ജലം ഉപയോഗിച്ച് രാജ്യത്ത് കുടിവെള്ള വിതരണ പദ്ധതി 2019 ഓടെ ആരംഭിക്കുമെന്ന്  ഒമാൻ വൈദ്യുതി, ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും സ്രോതസുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ മസ്‌കറ്റിലെയും ഖുറിയാത്തിലെയും ജലവിതരണം സുഗമമാകും. അണക്കെട്ടില്‍നിന്നുള്ള വെള്ളം പൈപ്പ്‌ലൈനുകള്‍ ഉപയോഗിച്ച് ,  രണ്ടു ചെറു അണക്കെട്ടുകളില്‍ സംഭരിച്ച് നിര്‍ത്തുകയാണ് ചെയ്യുക.
 
ജല സംസ്‌കരണ പ്ലാന്റും പമ്പിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. പ്രതിദിനം 67,000 മീറ്റര്‍ ക്യൂബ് കുടിവെള്ളം ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സംസ്‌കരിച്ച ജലം ശേഖരിക്കുന്നതിനായി 70,000 മീറ്റര്‍ ക്യൂബ് ശേഷിയുള്ള സംഭരണിയും നിര്‍മിക്കും. കാര്‍ഷികാവശ്യത്തിനും ഇതില്‍ നിന്നുളള വെളളം ഉപയോഗിക്കും.
 
അത്യാവശ്യഘട്ടം ഉണ്ടായാല്‍ കാര്‍ഷികാവശ്യത്തിനുള്ള ജലവും കുടിവെള്ള വിതരണത്തിനായി തിരിച്ചുവിടാന്‍ കഴിയും.ഇതോടെ പ്രതിദിന കുടിവെള്ള ഉല്‍പാദനം 1.25 ലക്ഷം മീറ്റര്‍ ക്യൂബ് ആയി ഉയരും.പദ്ധതിയുടെ രണ്ടാം ഘട്ടത്തിലായാണ് ജലസംസ്‌കരണ പ്‌ളാന്റും,  ഖുറിയാത്തില്‍ നിന്ന് മസ്‌കറ്റിലേക്ക് വിതരണ പൈപ്പ്‌ലൈനും സ്ഥാപിക്കുക.
 
അണക്കെട്ടില്‍നിന്ന് 2.3 കിലോമീറ്റര്‍ വടക്കുമാറിയുള്ള മസാറ ഗ്രാമത്തിലാണ് പദ്ധതിയുടെ ഭാഗമായ ജലസംസ്‌കരണ പ്‌ളാന്റ് സ്ഥാപിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. പ്ലാന്റിനായി നാലു കമ്പനികളാണ് ടെന്‍ഡര്‍ സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന കമ്പനിക്ക് ഡിസൈന്‍, ബില്‍ഡ്, ഓപറേറ്റ് വ്യവസ്ഥയില്‍ ആയിരിക്കും കരാര്‍ നല്‍കുക.പത്തു വര്‍ഷത്തേക്കാകും കരാര്‍. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഭൗമോപരിതലത്തിലെ ജലം കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ഒമാനിലെ ആദ്യ പദ്ധതിയാകും ഇത്.

click me!