ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഡ്രൈവര്‍ ബോധരഹിതനായി പുറത്തേക്ക് വീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

By Web DeskFirst Published Oct 3, 2017, 10:06 AM IST
Highlights

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഡ്രൈവര്‍ ബോധരഹിതനായി ട്രെയിനിന് പുറത്തേക്ക് വീണു. സംഭവം നേരിട്ട് കണ്ട യാത്രക്കാര്‍ അലമുറയിട്ടതിനെ തുടര്‍ന്ന് ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വാഹനം നിര്‍ത്തി. ബോധം മറയുംമുമ്പ് ഡ്രൈവറും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതിനാല്‍ വേഗത കുറഞ്ഞിരുന്നു. തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. 

പശ്ചിമബംഗാളിലെ ദയിന്‍ഹാട്ടിലാണ് സംഭവമുണ്ടായത്. ഹൗറയില്‍നിന്ന് കാത്വയിലേയ്‌ക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റായ ഹല്‍ദാര്‍ എന്ന 40 വയസുകാരനാണ് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. ഹൗറയില്‍ നിന്ന് കത്വയിലേക്കുള്ള ചെറിയ ദൂരം മാത്രം സഞ്ചരിക്കുന്ന ട്രെയിനായിരുന്നതിനാല്‍ ഒരു ഡ്രൈവര്‍ മാത്രമേ ട്രെയിനില്‍ ഉണ്ടായിരുന്നുള്ളൂവെന്ന് ഈസ്റ്റേണ്‍ റെയില്‍വെ വക്താവ് ആര്‍ മഹാപത്ര അറിയിച്ചു. 

ദയിന്‍ഹാട്ട് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബോധരഹിതനായി ഡ്രൈവര്‍ എഞ്ചിന്‍ റൂമില്‍ നിന്ന് നിലത്ത് വീഴുന്നത് അടുത്ത ബോഗികളില്‍ യാത്ര ചെയ്തിരുന്ന ചിലരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ട്രെയിനിലെ മറ്റ് യാത്രക്കാരും പരിഭ്രാന്തരായി ബഹളം വെച്ചു. 

ബഹളം കേട്ട ഗാര്‍ഡ് വയര്‍ലെസിലൂടെ ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് എന്തോ അപകടം സംഭവിച്ചെന്ന നിഗമനത്തില്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിക്കുകയായിരുന്നു. അടുത്ത സ്റ്റേഷനിലും ഗാര്‍ഡ് വിവരം അറിയിച്ചു. എന്നാല്‍ ബോധം മറയുന്നതിന് മുമ്പ് ഡ്രൈവര്‍ തന്നെ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നെന്ന് പിന്നീട് മനസിലായെന്ന് ഗാര്‍ഡ് പറഞ്ഞു. ട്രെയിന്‍ നിന്നതോടെ യാത്രക്കാരും ഗാര്‍ഡും പുറത്തിറങ്ങി ഓടിച്ചെന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ ഡ്രൈവറെ കണ്ടെത്തിയത്. നിലത്തുവീണപ്പോള്‍ കല്ലുകളില്‍ തട്ടി തല പൊട്ടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡ്രൈവറുടെ നില ഇപ്പോള്‍ തൃപ്തികരമാണ്. തലയില്‍ 10 തുന്നലുകള്‍ വേണ്ടി വന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകി പുതിയ ഡ്രൈവറും ഗാര്‍ഡുമെത്തിയാണ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. കഴിഞ്ഞ ജൂലൈയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് പ്ലാറ്റ്‌ഫോം ഗാര്‍ഡ് ആണ് കല്‍ക്കത്തയിലെ സെല്‍ദ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ഇയാളുടെ ശാരീരിക അസ്വസ്ഥതയ്‌ക്ക് കാരണമെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.

click me!